ചാര്‍ട്ടേര്‍ഡ് വിമാനം: കേരള സര്‍ക്കാരിന്‍റെ ‘പുതിയ വ്യവസ്ഥ’ പ്രവാസികള്‍ക്ക് ഇരുട്ടടി; മടക്കയാത്രാ മോഹങ്ങള്‍ തിരിച്ചടിയാകും, ചാര്‍ട്ടര്‍ വിമാനത്തിന് ബുക്ക് ചെയ്തവര്‍ ആശങ്കയില്‍

 

ദുബായ് : കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന വിഷയത്തില്‍ കേരള സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചത്, പ്രവാസികളുടെ മടക്കയാത്രാ പ്രതീക്ഷകള്‍ക്ക് മറ്റൊരു തിരിച്ചടിയായതായി പരാതി. പ്രവാസികളുടെ മടങ്ങി വരവ് പരമാവധി കുറയ്ക്കുക എന്ന, വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കമെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച്, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു എന്ന വാര്‍ത്തകളും, വിവാദം രൂക്ഷമാക്കി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി മുരളീധരനും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കുമാറും, കേരള മുഖ്യമന്ത്രിയുടെ ഇരട്ടതാപ്പ് തുറന്നുകാട്ടിയതോടെയാണ് വിവാദം രൂക്ഷമായത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശം, യുഎഇയിലെ ഇന്ത്യന്‍ അംബാസിഡറെ ഉദ്ധരിച്ച്, ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതും പ്രവാസ ലോകത്ത്, കേരള സര്‍ക്കാരിന് എതിരെയുളള പ്രതിഷേധം ആളിക്കത്തിച്ചു. ഇതനുസരിച്ച്, കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് മാത്രം, അനുമതി നല്‍കാവൂവെന്ന്,  കേരള സര്‍ക്കാര്‍ പറഞ്ഞുവെന്നാണ്, അംബാസിഡറെ ഉദ്ധരിച്ച്, പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചാര്‍ട്ടര്‍ വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ആശങ്കയില്‍

മുഖ്യമന്ത്രിയുടെ ഈ പിടിവാശിമൂലം തങ്ങള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണെന്ന് പ്രവാസികള്‍ പരാതിപ്പെട്ടു. ഇതോടെ, വിവിധ പ്രവാസി സംഘടനകള്‍ തയ്യാറാക്കിയ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടക്കുമോ എന്ന സംശയം ഉയര്‍ന്നു കഴിഞ്ഞു. കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇന്‍കാസ്, കെ എം സി സി  തുടങ്ങീ നിരവധി ചെറുതും വലുതുമായ വിവിധ സംഘടനകളുടെ സഹകരണത്തോടെ വിവിധ എമിറേറ്റുകളില്‍ നടത്തിയ ടിക്കറ്റ് ബുക്കിങ് വെട്ടിലാകുമോയെന്ന് ആശങ്കയുണ്ട്. കൊവിഡ് സങ്കടക്കാലത്ത് ഇല്ലാത്ത പണം സ്വരൂപിച്ച്,  ടിക്കറ്റ് ബുക്ക് ചെയ്തവരും ഇതോടെ കടുത്ത ആശങ്കയിലാണ്. അതേസനയം, വേനല്‍അവധിക്കാലത്ത് മറ്റും, വലിയ ടിക്കറ്റ് നിരക്കിലാണ് പ്രവാസികള്‍ യാത്ര ചെയ്യുന്നത്. അന്നൊരിക്കലും ഇല്ലാത്ത പ്രവാസി സ്‌നേഹം ഇപ്പോള്‍ എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. അതിനാല്‍, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ കാര്യത്തില്‍, പിണറായി സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ, പ്രവാസികളുടെ മടക്കയാത്ര ഇല്ലാതാക്കാനാണെന്നും പരാതി രൂക്ഷമാണ്.

” സര്‍ക്കാര്‍ യാത്രാ നിഷേധിക്കുന്നുവെന്ന് ” : ഇന്‍കാസ് യുഎഇ

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടും,  കേരളത്തിലേക്ക് പ്രവാസികള്‍ തിരിച്ചെത്തുന്നത് തടയുക എന്ന ലക്ഷ്യത്താടെയാണ് സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങളുന്നയിച്ച് യാത്ര നിഷേധിക്കുന്നതെന്ന്,
ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ആക്ടിംങ്ങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രനും, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വിമാനങ്ങള്‍ പുനരാരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വളരെ കുറച്ചു പ്രവാസികള്‍ മാത്രമാണ് കേരളത്തില്‍ എത്തിയിട്ടുള്ളത്. റെഗുലര്‍ ഫ്‌ളൈറ്റുകള്‍ തുടങ്ങി എത്രയും പെട്ടെന്ന് പ്രവാസികളെ നാട്ടില്‍ എത്തിക്കേണ്ട സന്ദര്‍ഭത്തില്‍, അത്തരം ശ്രമങ്ങളൊന്നും നടക്കാതെ വന്നപ്പോഴാണ്, പ്രവാസി സംഘടനകള്‍ താല്‍പ്പര്യമെടുത്തു ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഓപ്പറേഷന്നായ് മുന്നോട്ട് വന്നിട്ടുള്ളത്.

കേരള സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഓപ്പറേറ്റ് ചെയ്യണമെന്ന്

ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ ഈടാക്കുന്ന ടിക്കറ്റ് ചാര്‍ജ് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതലാണെന്ന വാദമാണ് കേരള സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ടിക്കറ്റ് ചാര്‍ജ് നിര്‍ണ്ണയിക്കുന്നത് വിമാന കമ്പനികളാണ്. പ്രവാസി സംഘടനകള്‍ സേവനം മാത്രമാണ് ചെയ്യുന്നത്. ടിക്കറ്റ് നിരക്ക് വഹിക്കാന്‍ തയ്യാറുള്ളവരും, മറ്റു പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമാണ് ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്നത്. ക്വാറന്റയിന്‍ ചെലവുകളും യാത്രക്കാര്‍ തന്നെ വഹിക്കും. ടിക്കറ്റ് ചാര്‍ജുമായ് ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍, കേരള സര്‍ക്കാറിന് നേരിട്ട് ചാര്‍ട്ടേഡ് ഫ്‌ലൈറ്റ്കള്‍ ഓപ്പറേറ്റ് ചെയ്യാവുന്നതേയുള്ളു. മറിച്ച്, സര്‍വ്വീസിന്ന് അനുമതി നിഷേധിക്കുന്നത് വിവേചനാപരവും, പ്രവാസികളുടെ തിരിച്ച് വരവ് ബോധപൂര്‍വ്വം ഒഴിവാക്കാനുമാണ് പിണറായി സര്‍ക്കാറിന്റെ ശ്രമമെന്നും ഇന്‍കാസ് യുഎഇ കേന്ദ്രകമ്മിറ്റി ആരോപിച്ചു.

Comments (0)
Add Comment