ദുബായ് : കൊവിഡിന്‍റെ മറവില്‍ പ്രവാസികളെ ചൂഷണം ചെയ്യാന്‍ ചില ട്രാവല്‍ ഏജന്‍സികളും വ്യക്തികളും സംഘടനകളും രംഗത്ത് വന്നതിന് എതിരെ, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ മുന്നറിയിപ്പ്. ഇപ്രകാരം, ചാര്‍ട്ടേഡ് വിമാനങ്ങളുടെ പേരില്‍, പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് ഇവര്‍ പണം വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. ഇതനുസരിച്ച്, കേരളത്തിലേക്ക് ഒരു ദിശയിലേക്കുള്ള ടിക്കറ്റിന് 1500 ദിര്‍ഹത്തിലധികം പണം വാങ്ങിയാണ് ഈ തട്ടിപ്പ് എന്നും പരാതിയുണ്ട്.
വണ്‍വേ ടിക്കറ്റിന് 1500 ദിര്‍ഹത്തില്‍ കൂടുതല്‍
കൊവിഡ് കാലത്ത് എങ്ങിനെയെങ്കിലും നാട്ടില്‍ എത്താന്‍ ആഗ്രഹിക്കുന്നവരാണ് പ്രവാസികളില്‍ അധികം പേരും. മാത്രവുമല്ല, യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍, രണ്ടും മൂന്നും മാസത്തെ വേനല്‍ അവധിക്കായി , സ്‌കൂളുകള്‍ അടക്കാനിരിക്കെയാണ്. കൂടാതെ, തൊഴില്‍ നഷ്ടപ്പെട്ടവരും, താല്‍ക്കാലികമായി ജോലി ഇല്ലാത്തവരും, വീസാ കാലാവധി കഴിഞ്ഞവരും നിരവധിയാണ്. ഇത്തരക്കാരെല്ലാം ടിക്കറ്റ് നിരക്ക് നോക്കാതെ, എങ്ങിനെയെങ്കിലും നാട്ടിലെത്താന്‍ ആഗ്രഹിക്കുകയാണ്. ഈ ദുരവസ്ഥ മുതലാക്കി, ചില ട്രാവല്‍ ഏജന്‍സികളും വ്യക്തികളും സംഘടനകളും പണം പിരിക്കുന്നു എന്നാണ് ആക്ഷേപം. ഇതനുസരിച്ച്, കേരളത്തിലേക്ക് ഒരു ദിശയിലേക്കുള്ള ടിക്കറ്റിന് , ഒരാള്‍ വീതം 1500 ദിര്‍ഹത്തില്‍ കൂടുതല്‍, പണം വാങ്ങിയാണ് ഈ തട്ടിപ്പ് എന്നും പരാതിയുണ്ട്. ഇതിനെതിരെയാണ്, ഇന്ത്യന്‍ നയതന്ത്ര കാര്യാലയം അടിയന്തര വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
പോസ്റ്റര്‍ അടിച്ച് ‘ചാര്‍ട്ടേര്‍ഡ് തട്ടിപ്പ്’ !
ഇതനുസരിച്ച്, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് നിലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് , അനുമതി നല്‍കിയിട്ടില്ലെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. ഇതിനായി പണം പിരിക്കുന്ന കെണികളില്‍ പ്രവാസികള്‍ വീഴരുതെന്ന് കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടവര്‍, തങ്ങളെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് , ചില പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ക്കും ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റ് വഴിയാണ് ഇതിനായുള്ള നടപടിക്രമങ്ങള്‍ നടക്കുന്നത്. അല്ലാത്തവര്‍ക്ക് പണം നല്‍കരുതെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
അനുമതി കാത്ത് പ്രവാസി സംഘടനകളും
ഇന്ത്യയിലേയ്ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍, യുഎഇയിലെ ചില പ്രവാസി സംഘടനകള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനായി അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ച് അനുമതി കാത്തിരിക്കുകയാണ്. ഇതിനിടെയാണ് കോണ്‍സുലേറ്റിന്റെ ഈ വിശദീകരണം. അതേസമയം, നാട്ടിലേക്ക് പോകുന്നവര്‍ക്ക്, ക്വാറന്റീന്‍ സൗകര്യവും ഒരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ,ചാര്‍ട്ടേര്‍ഡ് വിമാന അനുമതി വൈകുന്നതെന്നും അറിയുന്നു. ഇപ്രകാരം, അനുമതി വിമാന യാത്രയ്ക്ക് , ആളുകളില്‍ നിന്ന് എങ്ങിനെയാണ് പണം പിരിക്കുന്നതിന് എതിരെയും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.