ചാണ്ടി ഉമ്മന്‍ എംഎല്‍എ; പുതുപ്പള്ളി നിയമസഭാംഗമായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

Jaihind Webdesk
Monday, September 11, 2023

 

തിരുവനന്തപുരം: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ അമരക്കാരനായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ ചേംബറിൽ ദൈവനാമത്തിലാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് നിയമസഭാ ചേംബറില്‍ സ്പീക്കർക്ക് മുമ്പാകെ പുതുപ്പള്ളിയുടെ പുതിയ അമരക്കാരനായി ചാണ്ടി ഉമ്മൻ പുതുപ്പള്ളി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്.

പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്‍റെ നിയമസഭയിലെ ഇരിപ്പിടം. സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എം. സുധീരനും ചാണ്ടി ഉമ്മന്‍റെ കുടുംബങ്ങളും എത്തിയിരുന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഹസ്തദാനം നൽകികൊണ്ടായിരുന്നു അദ്ദേഹം തന്‍റെ ഇരിപ്പിടത്തിലേക്ക് പോയത്. 53 വർഷം ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് പോയ ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുമായിരുന്നു പുതിയ ചരിത്രം കുറിക്കാൻ അദ്ദേഹം നിയമസഭയിലേക്ക് വന്നത്. ഉമ്മന്‍ചാണ്ടിയാണ് തന്‍റെ ചാലകശക്തിയെന്ന് ചാണ്ടി ഉമ്മന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പുതുപ്പള്ളി ഹൗസിൽ നിന്നും ഇറങ്ങിയ ചാണ്ടി ഉമ്മന്‍ തലസ്ഥാന നഗരിയിലെ ആരാധനാലയങ്ങളില്‍ ദർശനം നടത്തി.  പഴവങ്ങാടിയിലും തുടർന്ന് ആറ്റുകാൽ ക്ഷേത്രത്തിലും അവിടെ നിന്ന് പാളയം പള്ളിയിൽ എത്തി കാണിക്ക ഇട്ടതിനുശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞയ്ക്കായി നിയമസഭയിൽ എത്തിയത്.