ചന്ദ്രയാൻ 2 വിന്‍റെ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43 ന്

Jaihind News Bureau
Monday, July 22, 2019


സാങ്കേതിക തകരാർമൂലം മാറ്റിയ ചന്ദ്രയാൻ 2 വിന്‍റെ വിക്ഷേപണം ഇന്ന് നടക്കും. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേയ്‌സ്‌സെന്‍ററിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം.

സാങ്കേതിക പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ തിങ്കളാഴ്ച മാറ്റിവച്ച ചന്ദ്രയാൻ 2 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43ന് നടക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ ജി.എസ്.എൽ.വി. മാർക്ക് ത്രീ എം. വൺ റോക്കറ്റിലാണ് വിക്ഷേപണം. ഇതിനുള്ള 20 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചു.

ചന്ദ്രനെ വലംവയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡർ, അവിടെ സഞ്ചരിക്കാനുള്ള റോവർ എന്നിവയും അതിലെ 11 ഉപകരണങ്ങളമുൾപ്പെടെ 3,840 കിലോഗ്രാമാണ് പേടകത്തിന്‍റെ ഭാരം.

പുറപ്പെടാൻ ഒരാഴ്ച വൈകിയെങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ കാലതാമസമുണ്ടാകില്ല. നേരത്തേ 54 ദിവസം കൊണ്ടാണ് ചന്ദ്രനിൽ എത്താൻ നിശ്ചയിച്ചിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 48 ദിവസം കൊണ്ട് എത്തും. സെപ്തംബർ 6,7 തീയതികളിൽ ലാൻഡറും റോവറും ചന്ദ്രന്‍റെ മണ്ണിലിറങ്ങും.

ഭൂമിയിൽ നിന്ന് 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രന്‍റെ 100 കിലോമീറ്റർ വരെ അടുത്ത് ഓർബിറ്റർ എത്തിച്ച ശേഷമായിരിക്കും ലാൻഡറിനെ ഇറക്കുന്നത്.

ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്‍റെ മണ്ണിൽ റോവർ ഇറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം ഇറങ്ങുന്ന രാജ്യവും ഇന്ത്യയായിരിക്കും.

പുതിയ ഷെഡ്യൂൾ ഇങ്ങനെ :
17 ദിവസം ഭൂമിയിലും പിന്നീട് ചന്ദ്രനിലേക്ക് 5 ദിവസവും ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ 32 ദിവസവും ആയിരുന്നു മുൻ പദ്ധതി. ഇനി ഭൂമിയുടെ ഭ്രമണപഥത്തിൽ 17 ദിവസത്തിന് പകരം 23 ദിവസം ചെലവഴിക്കും. ഈ സമയത്ത് ഭ്രമണപഥം അഞ്ച് തവണ ഉയർത്തി ചന്ദ്രനിലേക്കുള്ള അകലം കുറയ്ക്കും. ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മാറാനുള്ള സമയം 5 ദിവസത്തിൽ നിന്ന് 7 ദിവസം ആയി ഉയർത്തും. ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ 32 ദിവസത്തിന് പകരം 18 ദിവസം മാത്രമാവും ചെലവഴിക്കുക. മൊത്തം 54 ദിവസത്തിന് പകരം 48 ദിവസത്തിനുള്ളിൽ ചന്ദ്രയാൻ 2 പേടകം ചന്ദ്രനിലെത്തും. ഇത് ഐ.എസ്.ആർ.ഒ. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സെപ്തംബർ 7 നകം ചന്ദ്രയാൻ 2 ലക്ഷ്യത്തിലെത്തുമെന്ന് ചെയർമാൻ ഡോ.കെ.ശിവൻ വ്യക്തമാക്കിയിട്ടുണ്ട്.