ചന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥത്തില്‍: ആദ്യ ഘട്ടം വിജയം; ഇനി ഒരു മാസത്തെ കാത്തിരിപ്പ്

Jaihind Webdesk
Friday, July 14, 2023

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3 ന്‍റെ വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയകരം. ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22-ാം മിനിറ്റിലാണ് ചന്ദ്രയാൻ 3 വഹിച്ചുള്ള റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ദൗത്യം പൂർണ്ണവിജയമായാല്‍ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.

2.35 നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം-3  എം-4 റോക്കറ്റ് കുതിച്ചുയർന്നത്. 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം-3  എം-4  എഐസ്ആർഒയുടെ (ISRO) ഏറ്റവും കരുത്തുറ്റ റോക്കറ്റാണ്. 22 മിനിറ്റിനകം റോക്കറ്റ് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ എത്തിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഭ്രമണപഥം ഘട്ടം ഘട്ടമായി ഉയര്‍ത്തി പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തിക്കും. നിലവില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന ചന്ദ്രയാന്‍-3 ഒരു മാസം കൊണ്ടാകും ചന്ദ്രനില്‍ ഇറങ്ങുക. ഓഗസ്റ്റ് 23 നോ 24 നോ ആകും ലാൻഡിംഗ്. ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ ദീർഘവൃത്താകൃതിയിൽ തുടങ്ങി ക്രമേണ 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്ക്പേടകം എത്തും.

ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നീ മൂന്ന് ഘടകങ്ങളാണ് ചന്ദ്രയാന്‍-3 ല്‍ ഉള്ളത്. ഇതില്‍ ലാന്‍ഡറാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. ലാന്‍ഡറിനകത്താണ് റോവറിന്‍റെ സ്ഥാനം. റോക്കറ്റില്‍നിന്ന് വേര്‍പെടുന്ന ലാന്‍ഡറിനെ ചന്ദ്രോപരിതലത്തിന് 100 കിലോ മീറ്റര്‍ അടുത്തെത്തിക്കുന്ന ചുമതലയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനുള്ളത്. തുടര്‍ന്ന് ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനിലേക്ക് കുതിക്കും. പിന്നീട് ലാന്‍ഡറും ഭൂമിയുമായുള്ള ആശയവിനിമയത്തിനുള്ള ഇടനിലക്കാരനായും പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ പ്രവര്‍ത്തിക്കും. സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. ഇതു 3 മീറ്റർ ആയാലും തകരാത്തവിധം കരുത്തുള്ള കാലുകളാണ് ഇത്തവണ ലാൻഡറിനു നൽകിയിരിക്കുന്നത്. ലാൻഡർ സാവധാനം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയാൽ, ആറു ചക്രങ്ങളുള്ള റോവർ റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും. ദൗത്യം പൂർണ്ണവിജയമാകാനുള്ള കാത്തിരിപ്പിലാണ് രാജ്യം.