“ഭാര്യയെപ്പറ്റി ചോദിച്ചാല്‍ മോദിക്ക് ഉത്തരമില്ല”- തിരിച്ചടിച്ച് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

Jaihind Webdesk
Monday, February 11, 2019

 

Chandrababu Naidu Modi

പത്നി യശോദാ ബെന്നിനെ പറ്റി ചോദിച്ചാൽ മോദിക്ക് ഉത്തരമില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാ സന്ദർശനത്തിനിടെ മോദി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ആന്ധ്ര സന്ദർശിച്ചപ്പോഴാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ നരേന്ദ്ര മോദി വിമർശനം ഉന്നയിച്ചത്. ടി.ഡി.പിയിൽ കുടുംബവാഴ്ചയാണെന്നും ആന്ധ്രാ സർക്കാർ അഴിമതിക്കാരാണെന്നുമാണ് മോദി പറഞ്ഞത്. എന്നാൽ മോദിക്ക് അതേ നാണയത്തിൽ മറുപടി നൽകികൊണ്ടാണ് ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരിക്കുന്നത്.

വ്യക്തിപരമായ കടന്നാക്രമണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാൻ തനിക്കറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. മുത്തലാഖിലൂടെ ഭർത്താക്കന്മാർ ഉപേക്ഷിക്കുന്നതിൽ നിന്നും മുസ്ലിം സ്ത്രീകളെ രക്ഷിച്ചെടുത്ത രക്ഷകനായാണ് മോദി സ്വയം പ്രഖ്യാപിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പത്നി യശോദാ ബെന്നിനെ പറ്റി ചോദിച്ചാൽ മോദിക്ക് ഉത്തരമില്ലെന്ന് ചന്ദ്രബാബു നായിഡു തിരിച്ചടിച്ചു. ടി.ഡി.പിയിൽ കുടുംബവാഴ്ചയാണെന്ന് കുറ്റപ്പെടുത്തുന്ന മോദിക്ക് കുടുംബത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും എന്താണറിയുകയെന്നും നായിഡു ചോദിച്ചു. ഒരു കോടിയോടടുത്ത് വിലയുള്ള കോട്ട് ധരിക്കുന്ന മോദിയാണ് സംസ്ഥാന സർക്കാർ അഴിമതിക്കാരാണെന്ന് പറഞ്ഞു നടക്കുന്നത്. തനിക്ക് ജനങ്ങളിൽ നിന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും താന്‍ അഴിമതിക്കാരനല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

നരേന്ദ്ര മോദിയുടെ ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു സംസ്ഥാനമൊട്ടാകെ അലയടിച്ചത്. ഗോ ബാക്ക് മോദി പോസ്റ്ററുകള്‍ കൊണ്ട് നിരത്തുകള്‍ നിറഞ്ഞു. കരിദിനമെന്നാണ് മോദിയുടെ ആന്ധ്രാ സന്ദര്‍ശനത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചത്. മോദിയുടെ ആന്ധ്രാ യാത്ര തികഞ്ഞ പരാജയമായിരുന്നെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.