പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമ നിർദ്ദേശക പത്രിക സമർപ്പിച്ചു. രാവിലെ മാതാവിനും സഹോദരിക്കും ഒപ്പം വീട്ടിൽ നിന്ന് ഇറങ്ങി പുതുപ്പള്ളി പള്ളിയിൽ എത്തി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് നാമനിർദ്ദേശക പത്രിക സമർപ്പിച്ച് അനുഗ്രഹം വാങ്ങിയതിനുശേഷം ആണ് പാമ്പാടി ബി ഡി ഒ ഓഫീസിലേക്ക് തിരിച്ചത്. നാമനിർദ്ദേശക പത്രിക കൊടുക്കുന്നതും ആയി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്നതിന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സഹോദരി അച്ചു ഉമ്മൻ തുടങ്ങിയവർ ഉണ്ടായിരുന്നു.
പള്ളിക്കത്തോട് ജംഗ്ഷനിൽ നിന്നും പ്രകടനമായാണ് ബി ഡി ഓ ഓഫീസിലേക്ക് പോയത്. ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളുമായി അദ്ദേഹം കുശലാന്വേഷണം നടത്തി. കണ്ണൂരിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി സി ഓ ടി നസീറിന്‍റെ മാതാവ് ആമിന ബീവി ആണ് കെട്ടിവയ്ക്കുന്നതിനുള്ള തുക നൽകിയത്.ശാരീരിക അവശത മൂലം നേരിൽ വരാൻ സാധിക്കാത്തത് കൊണ്ട് ഗൂഗിൾ പേ വഴി പണംനൽകുകയും വീഡിയോ കോളിലൂടെ ആശംസകൾ നേരുകയും ചെയ്തു.
നാമനിർദ്ദേശക പത്രിക സമർപ്പിക്കുമ്പോൾ സഹോദരി അച്ചു ഉമ്മൻ എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഫിൽസൺ മാത്യു, നാട്ടകം സുരേഷ് എന്നിവരും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു.നാല് സെറ്റ് പത്രികയാണ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സമർപ്പിച്ചത്