പുതുപ്പള്ളിയുടെ ഹൃദയത്തില്‍ ചാണ്ടി ഉമ്മന്‍; ആവേശത്തേരേറി വാഹനപര്യടനത്തിന് തുടക്കം

Jaihind Webdesk
Monday, August 21, 2023

 

പുതുപ്പള്ളി: യുഡിഎഫ് ക്യാമ്പില്‍ ആവേശം വിതറി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍റെ വാഹന പ്രചാരണ പര്യടനത്തിന് തുടക്കമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പേടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് വാഹനപ്രചാരണ പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന പത്തായകുഴിയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. കേരളത്തിലെ മുഖ്യമന്ത്രി മാസങ്ങളായി മിണ്ടുന്നില്ല. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പേടിച്ച് ജീവിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമർശിച്ചു.

പിതാവ് പ്രചാരണം ആരംഭിച്ച സ്ഥലത്തുനിന്നുതന്നെ തനിക്കും പ്രചാരണം ആരംഭിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. തന്‍റെ പിതാവ് നിലകൊണ്ടതുപോലെ ജനങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബൈക്ക് റാലിക്ക് പിറകിൽ പത്തോളം വാഹനങ്ങൾ ആണ് അണിനിരക്കുന്നത്. ഇന്ന് പാമ്പാടി മേഖലയിൽ ആണ് വാഹന പ്രചാരണം തുടരുക. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രമുഖ നേതാക്കൾ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.