ചന്ദ കൊച്ചാര്‍ ICICI ബാങ്ക് എം.ഡി സ്ഥാനം രാജിവെച്ചു

Jaihind Webdesk
Friday, October 5, 2018

ICICI ബാങ്കിന്‍റെ മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ സ്ഥാനങ്ങൾ ചന്ദ കൊച്ചാർ രാജിവെച്ചു. ബാങ്കിന്‍റെയും ഉപസ്ഥാപനങ്ങളുടെയും ഡയറക്ടർ സ്ഥാനവും അവർ ഒഴിഞ്ഞു. 2009 മുതൽ ബാങ്കിനെ നയിക്കുന്ന ചന്ദയ്ക്ക് അടുത്ത മാർച്ച് വരെ കാലാവധിയുണ്ടായിരിരുന്നു. ഡയറക്ടർ ബോർഡിലെ സ്വതന്ത്ര അംഗം എം.ഡി മല്യയും രാജിവെച്ചിട്ടുണ്ട്.

ജൂണിൽ ബാങ്കിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിതനായ സന്ദീപ് ബക്ഷി പുതിയ എം.ഡി ആൻഡ് സി.ഇ.ഒയാകും. വീഡിയോകോൺ ഗ്രൂപ്പിന് അനധികൃതമായി വായ്പ നൽകിയ കേസിൽ ചന്ദയ്ക്കെതിരെ ബാങ്കിന്‍റെ ആഭ്യന്തര അന്വേഷണം നടക്കേവേയാണ് രാജി. കേസിൽ സി.ബി.ഐ അന്വേഷണവും നടക്കുന്നുണ്ട്.

https://www.youtube.com/watch?v=k1Udbx4TvWc

ചന്ദയുടെ രാജി അംഗീകരിച്ചെന്നും അവർക്കെതിരായ അന്വേഷണം തുടരുമെന്നും ഡയറക്ടർ ബോർഡ് വ്യക്തമാക്കി. ആരോപണത്തെ തുടർന്ന് അനിശ്ചിതകാല അവധിയിൽ പ്രവേശിക്കാൻ ജൂണിൽ ചന്ദയോട് ഡയറക്ടർ ബോർഡ് നിർദേശിച്ചിരുന്നു.
വീഡിയോകോണിന് ചട്ടം ലംഘിച്ച് വായ്പ നൽകിയ പാനലിൽ ചന്ദയും ഉണ്ടായിരുന്നുവെന്ന് മാർച്ചിലാണ് ബാങ്ക് ചെയർമാൻ എം.കെ ശർമ വെളിപ്പെടുത്തിയത്. ചന്ദയ്‌ക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിനും റിസർവ് ബാങ്കിനും ധനമന്ത്രാലയത്തിനും പരാതി ലഭിച്ചിരുന്നു.

വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂത്, ചന്ദാ കൊച്ചാറിന്‍റെ ഭർത്താവായ ദീപ കൊച്ചാറിന്‍റെ ഉടമസ്ഥതയിലുള്ള ന്യൂപവർ റിന്യൂവബിൾസിൽ നിക്ഷേപം നടത്തിയതാണ് ആരോപണങ്ങളുടെ മൂർച്ച കൂട്ടിയത്.