കേരളത്തില്‍ ജൂണ്‍ 15 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലർട്ട്

Jaihind Webdesk
Monday, June 12, 2023

തിരുവനന്തപുരം: കേരളത്തിൽ ജൂണ്‍ 15 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതുകൊണ്ടുതന്നെ കേരള -കർണ്ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

ഇടി മിന്നല്‍ – സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ ജാഗ്രത വേണ്ടതുണ്ട്.

ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം പ്രകടമായാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലുകളും വാതിലുകളും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

വീടിന്‍റെ ഉള്‍ഭാഗത്ത് തറയിലോ ഭിത്തിയിലോ സ്പര്‍ശിക്കാതെ ഇരിക്കാന്‍ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷങ്ങളുടെ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

വാഹനത്തിനുള്ളിലാണെങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയങ്ങളില്‍ ഇറങ്ങരുത്.

പട്ടം പറത്തുവാന്‍ പാടില്ല.

തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഇരിക്കണം.

ഇടിമിന്നലുള്ള സമയത്ത് പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

ഇടിമിന്നലില്‍ നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ മിന്നല്‍ ചാലകവും വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടറും സ്ഥാപിക്കാം.

ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ രാത്രി പത്തു വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം.

മിന്നലിന്‍റെ ആഘാതത്തില്‍ പൊള്ളലേല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതമുണ്ടാകുകയോ ചെയ്യാം.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. മഴക്കാര്‍ കാണുമ്പോള്‍ അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റിക്കെട്ടുവാനും തുറസായ സ്ഥലത്തേക്ക് പോകുന്നതും ഒഴിവാക്കണം.

മിന്നല്‍ ഉണ്ടാകുമ്പോള്‍ ഒഴിവാക്കേണ്ട സ്ഥലങ്ങളും സാഹചര്യങ്ങളും

ഒരു പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുകളിലാണ് മിന്നല്‍ പ്രധാനമായും പതിക്കുന്നത് പ്രത്യേകിച്ച് ലോഹ നിര്‍മിതമായ വസ്തുകളിലാണ് സാധ്യത കൂടുതല്‍. ലോഹ വസ്തുവിന്‍റെ വലുപ്പം അനുസരിച്ചായിരിക്കും മിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത കൂടുന്നത്.

മിന്നല്‍ ഉണ്ടാകുന്ന സമയത്ത് തുറസായ സ്ഥലങ്ങളിലും കുന്നിന്‍ പുറത്തും നില്‍ക്കുന്ന ഒറ്റപ്പെട്ട മരങ്ങളുടെ അടിയില്‍ നില്‍ക്കുന്നതും ഒഴിവാക്കുക. മരത്തിന്‍റെ‍ ഉയരം കൂടുംതോറും അപകട സാധ്യതയും കൂടുന്നു. ഒറ്റപ്പെട്ട മരങ്ങളുടെ കൂട്ടവും ഒറ്റപ്പെട്ട മരത്തെപോലെ അപകടകരമാണ്.

പ്രഥമ ശുശ്രൂഷ

മിന്നല്‍ ആഘാതത്താല്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ശ്വാസതടസം മൂലമാണ് കൂടുതലായും മരണം സംഭവിക്കുന്നത്. നേരിട്ടുള്ള ആഘാതം, പൊള്ളല്‍ എന്നിവയിലൂടെ മരണം ഉണ്ടാകുന്നത് നന്നെ കുറവാണ്. കൃത്രിമ ശ്വാസം നല്‍കുന്നതിലൂടെ മിന്നല്‍ ആഘാതം ഏറ്റ നിരവധിപേരെ നമുക്ക് രക്ഷിക്കാന്‍ കഴിയും. വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മുമ്പ് ചെയ്യാന്‍ കഴിയുന്ന ഒരു പ്രഥമ ശുശ്രൂഷ ഇതാണ്. മിന്നലേറ്റ ആളിന്‍റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്ന് തിരിച്ചറിയുക. അതുകൊണ്ടുതന്നെ അടിയന്തരമായി പ്രഥമ ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. മിന്നലേറ്റാല്‍ ജീവന്‍ രക്ഷിക്കുന്നതിന് ആദ്യത്തെ 30 സെക്കന്‍ഡുകള്‍ നിര്‍ണായകമാണ്.