ക്രിക്കറ്റ് ലോകം ആവേശകരമായി കാത്തിരിക്കുന്ന ഇന്ത്യ-പാക് മല്‍സരം നാളെയാണ് നടക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായിലാണ് മല്‍സരം. പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവനാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരെ ആധികാരിക വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇറങ്ങുക. എന്നാല്‍, ന്യൂസിലന്‍റിന് എതിരെ തോല്‍വി അറിഞ്ഞായിരുന്നു പാകിസ്ഥാന്‍റെ തുടക്കം.
ബംഗ്ലാദേശിനെതിരെയുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും ഗ്രൂപ്പ് എയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് നിലനില്‍ക്കുന്നത്. റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ ന്യൂസിലന്‍റ് ആണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. റണ്‍ മഴ ഒഴുകും എന്ന പ്രതീക്ഷയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 33 റണ്‍സിന് 5 വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതത്. 150 റണ്‍സിന് താഴെ ടീമിനെ മുഴുവന്‍ ഓള്‍ ഔട്ടാക്കാന്‍ സാധിക്കുമായിരുന്നിട്ടും ബംഗ്ലാദേശ് 200 കടന്നത് ഇന്ത്യന്‍ മധ്യനിരയിലെ പോരായ്മ തന്നെയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങളില്‍ ജയത്തിനപ്പുറം റണ്‍ റേറ്റുകള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ ടീമിന്‍റെ സ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കുമെന്നതിനാല്‍ വെറും ഒരു വിജയത്തിനപ്പുറം മികച്ച മാര്‍ജിനില്‍ ജയിക്കാനാകും ഇന്ത്യയും ശ്രമിക്കുക. മാത്രവുമല്ല, പാകിസ്ഥാനെതിരെ മികച്ച രീതിയിലുള്ള ജയമാണ് ആരാധകരും കാത്തിരിക്കുന്നത്.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച ഫോം നിലനിര്‍ത്തുന്ന ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തന്നെയാകും നാളെയും ഓപ്പണിങ്ങ് കൂട്ടുകെട്ടിനിറങ്ങുന്നത്. എന്നാല്‍ പാകിസ്ഥാനെതിരെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള കോഹ്ലി ഔട്ട് ഓഫ് ആയിരിക്കുന്നതും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട്. ബൗളിങ് നിരയിലേക്ക് വരുകയാണെങ്കില്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയ പേസര്‍മാരായ മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും പാകിസ്ഥാനെതിരെയും ഇന്ത്യക്കായി ഇറങ്ങുമെന്നാണ് സൂചന. ജഡേജയുടെ ഫോമും ടീമിനെ പ്രതിസന്ധിയിലാക്കും.