ആജീവനാന്തവിലക്ക് വേണമോ എന്നു തീരുമാനിക്കേണ്ടത് കോടതിയല്ല, പാര്‍ലമെന്റെന്ന് കേന്ദ്രം

Jaihind News Bureau
Wednesday, February 26, 2025

കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത ആജീവനാന്ത കാലത്തേയ്ക്ക് നീട്ടുന്നത്് സംബന്ധിച്ച തീരുമാനം കോടതിയ്ക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അയോഗ്യതാ കാലയളവ് തീരുമാനിക്കുന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിയിലുള്ളതാണെന്നും അത് യുക്തിസഹമായി പരിഗണിച്ച് സഭ തീരുമാനമെടുക്കാറുണ്ടെന്നും കേന്ദ്രം പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അയോഗ്യതയുടെ കാലാവധി നിര്‍ണ്ണയിക്കുന്നത് നിയമനിര്‍മ്മാണ നയത്തിന്റെ പരിധിയില്‍ വരുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8, 9 എന്നിവയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയതാണ് അഭിഭാഷകയായ അശ്വിനി ഉപാധ്യായ 2016-ല്‍ ഹര്‍ജി സമര്‍പ്പിച്ചത്. സെക്ഷന്‍ 8 അനുസരിച്ച്, കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം ആറ് വര്‍ഷത്തേക്ക് മത്സരിക്കാന്‍ കഴിയില്ല. അതുപോലെ, അഴിമതിക്കേസിലോ വഞ്ചനാ കേസിലോ പിരിച്ചുവിടപ്പെട്ട പൊതുപ്രവര്‍ത്തകരെ അഞ്ച് വര്‍ഷത്തേക്ക് മത്സരത്തില്‍ നിന്ന് വിലക്കണമെന്ന് സെക്ഷന്‍ 9 വ്യവസ്ഥ ചെയ്യുന്നു. അത്തരം അയോഗ്യതകള്‍ ആജീവനാന്ത വിലക്കായി നീട്ടണമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 ലെ എല്ലാ ഉപവകുപ്പുകളിലും ‘ആറ് വര്‍ഷം’ എന്നതിന് പകരം ‘ആജീവനാന്തം’ എന്ന വാക്ക് ഉപയോഗിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഇത് നിയമം തിരുത്തിയെഴുതുന്നതിന് തുല്യമായിരിക്കുമെന്നാണ് കേന്ദ്രനിലപാട്. അത്തരമൊരു സമീപനം ജുഡീഷ്യറിയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇത് ഭരണഘടനാ നിയമത്തിന്റെ ഏതെങ്കിലും തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും കേന്ദ്രം പറഞ്ഞു.