കൊവിഡ് പ്രതിരോധം: മറ്റ് സംസ്ഥാനങ്ങള്‍ക്കു മാതൃകയായി രാജസ്ഥാനിലെ ഭില്‍വാര മോഡല്‍

Jaihind News Bureau
Tuesday, April 7, 2020

കൊവിഡ് പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കു മാതൃകയായി  രാജസ്ഥാനിലെ ഭില്‍വാര മോഡല്‍ നടപടികള്‍. അശോക് ഗെലോട്ട് സര്‍ക്കാരിന്‍റെ നേതൃത്വത്തില നടപടികള്‍  കേന്ദ്രവും ഭില്‍വാല മോഡല്‍ അവലംബിക്കാന്‍ തയാറെടുക്കുന്നതായാണ് സൂചനകള്‍. മാര്‍ച്ച് 18-നും 30-നും ഇടയില്‍ 27 കൊവിഡ് കേസുകളാണ് ഭില്‍വാരയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മാര്‍ച്ച് 30 ശേഷം ഒരു കേസ് മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെയുള്ള രോഗികളില്‍ 17 പേര്‍ രോഗവിമുക്തരായി. 13 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആറു ഹോട്‌സ്‌പോട്ടുകളാണ് ഭില്‍വാരയില്‍ തിരിച്ചറിഞ്ഞത്. 2826 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ 27 എണ്ണം മാത്രമാണ് പോസിറ്റീവ് ആയത്.

മാര്‍ച്ച് 19-നായിരുന്നു ഭില്‍വാരയില്‍ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ അഡീഷനല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങും ജില്ലാ കലക്ടര്‍ രാജേന്ദ്ര ഭട്ടുമൊരുമിച്ച്  ശക്തമായ നിരീക്ഷണ നടപടികള്‍ സ്വീകരിക്കുകയും പ്രദേശത്തെ രോഗഭീതിയില്‍ നിന്നും രക്ഷപ്പെടുത്തുകയുമായിരുന്നു.  ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് ആദ്യം കൊവിഡ് പോസിറ്റീവ് ആയത്. പിന്നീട് ഇവിടുത്തെ തന്നെ നഴ്‌സുമാര്‍ക്കും ചില ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി.   ഇതേതുടര്‍ന്ന്  ഉന്നതതല അനുമതികള്‍ക്കു കാത്തുനില്‍ക്കാതെ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ രണ്ടു വരെ  പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അത്യാവശ്യ സര്‍വീസുകളെ മാത്രം ഒഴിവാക്കി. ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചു. എല്ലാ പ്രവേശനകവാടങ്ങളിലും പൊലീസ് ചെക്ക് പോസ്റ്റുകള്‍ സജ്ജമാക്കി. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും വാഹനഗതാഗതം നിരോധിക്കുകയും ചെയ്തു.

ഭില്‍വാരയിലെ രോഗബാധിത പ്രദേശങ്ങളെ മൂന്നായി തിരിക്കുകയായിരുന്നു അടുത്ത നടപടി . രോഗപ്രഭവ കേന്ദ്രമായ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഒരു കിലോമീറ്റര്‍ മുതല്‍ മൂന്നു കിലോമീറ്റര്‍ വരെ ബഫര്‍ സോണാക്കി തിരിച്ചു. രോഗബാധിതരുടെ വീടിനു ചുറ്റും ഇത്തരത്തില്‍ ബഫര്‍ സോണുകള്‍ രൂപീകരിച്ചു. തുടര്‍ന്ന് ഈ മേഖലകളില്‍ രോഗസാധ്യതയുള്ളവരെ കണ്ടെത്താനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. മൂവായിരം സംഘങ്ങള്‍ ആറു ലക്ഷത്തോളം വീടുകള്‍ തോറും കയറിയിറങ്ങി 24 ലക്ഷം പേരെ പരിശോധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ.

രോഗം ബാധിച്ചത് ഒരു ഡോക്ടര്‍ക്ക് ആയിരുന്നതിനാല്‍ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ കണ്ടെത്തുകയായിരുന്നു ആദ്യദൗത്യം. ബന്‍ഗര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ അയ്യായിരത്തിലധികം പേരെ പൊലീസ് സഹായത്തോടെ കണ്ടെത്തി. ഐപി, ഒപി വിഭാഗത്തില്‍ ചികിത്സ തേടിയവരെയും തിരിച്ചറിഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ആറായിരത്തോളം പേരെ ഐസലേഷനിലാക്കി. ഉയര്‍ന്ന റിസ്‌കുള്ളവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

നാല് ആശുപത്രികളും 27 ഹോട്ടലുകളുമാണ് സര്‍ക്കാര്‍ ക്വാറന്‍റീന്‍ സൗകര്യത്തിനായി ഏറ്റെടുത്തത്. 27 ഹോട്ടലുകളിലായി 1541 മുറികള്‍ ക്വാറന്‍റീന്‍ സെന്ററുകളാക്കി. 22 സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലുമായി 11,659 ക്വാറന്‍റീന്‍ കിടക്കകളും ജില്ലാ ഭരണകൂടം സജ്ജമാക്കി. ആയിരത്തിലധികം പേരെയാണ് ഹോട്ടലുകളില്‍ ക്വാറന്‍റീന്‍ ചെയ്തത്. നിലവില്‍ 730 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. 7,620 പേര്‍ വീടുകളിലും ക്വാറന്‍റീനിലും കഴിയുന്നു.

നഗര, ഗ്രാമീണ പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. നഗരങ്ങളില്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ആയിരുന്നു കൊറോണ ക്യാപ്റ്റന്മാര്‍. ആശാ വര്‍ക്കര്‍മാരും മിഡ്‌വൈഫറി നഴ്‌സുമാരും ഇവര്‍ക്കു കീഴില്‍ പ്രവര്‍ത്തിച്ചു . ഗ്രാമങ്ങളില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാരും തഹസില്‍ദാര്‍മാരും കൊറോണ ക്യാപ്റ്റന്മാരായി. പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്നവരും ആശാ വര്‍ക്കര്‍മാരുമാണ് അവരെ സഹായിച്ചിരുന്നതെന്നും കളക്ടര്‍ പറഞ്ഞു.