തിരുവനന്തപുരം : കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് തലസ്ഥാനത്ത് എത്തും. ആരോഗ്യമന്ത്രി വീണാ ജോർജുമായും ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ 11 ന് ജില്ലാ കളക്ടറുമായും ഉദ്യോഗസ്ഥരുമായും കൊവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യും. വിദഗ്ധ സമിതിയംഗങ്ങളെയും കാണും.
9 ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്രസംഘം തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ടിപിആർ 13 ന് മുകളിലുള്ള പ്രദേശങ്ങളിലെ രോഗവ്യാപനം കുറയ്ക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പിന് നിർദേശം നൽകും.
കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ സംഘം കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ നിയന്ത്രണ രീതികള്‍ നടപ്പാക്കണമെന്നും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും സംഘം നിർദേശിച്ചു. കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയത്. ഇവിടങ്ങളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും സംഘം സന്ദർശിച്ചു. പരിശോധനകള്‍, കോണ്‍ടാക്ട് ട്രെയ്സിംഗ്, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയാണ് കേന്ദ്ര സംഘം പ്രധാനമായും വിലയിരുത്തുന്നത്. കോഴിക്കോട് ജില്ലയിലെ രൂക്ഷമായ വാക്സിൻ ക്ഷാമം കളക്ടർ സംഘത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്ന് സംഘം വ്യക്തമാക്കി.
കൂടുതൽ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ശാസ്ത്രീയ നിയന്ത്രണ രീതികൾ നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ ക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സംഘം നിർദേശം നല്‍കി. പരിശോധനകളുടെ എണ്ണം കൂട്ടാനാണ് പ്രധാന നിര്‍ദേശം. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിന്‍റെ (എൻസിഡിസി) ഡയറക്ടർ ഡോ. എസ്.കെ സിംഗിന്‍റെ നേതൃത്വത്തിൽ ആറുപേടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെത്തിയത്.