കേന്ദ്രവുമായി ചർച്ച ഇന്ന് ; പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കാന്‍ കർഷകർ

ന്യൂഡല്‍ഹി : വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാരും കർഷക സംഘടനാ പ്രതിനിധികളും തമ്മിൽ നിർണായക ചർച്ച ഇന്ന്. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നതുൾപ്പെടെ 4 നിർദേശങ്ങളാണ് ചർച്ചയിൽ കർഷകർ മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം ചർച്ച പരാജയപ്പെട്ടാൽ പുതുവർഷത്തിൽ അതിരൂക്ഷമായ സമരത്തിന് തയാറെടുക്കുകയാണ് കർഷകർ. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചർച്ച.

അതേസമയം ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി കേന്ദ്രകാര്‍ഷികമന്ത്രി നരേന്ദ്ര തോമറും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. ഏതാണ്ട് രണ്ട് മണിക്കൂറോളമാണ് അമിത് ഷായും തോമറും ഗോയലും കൂടിക്കാഴ്ച നടത്തിയത്. ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ കേന്ദ്രത്തെ പ്രതിനിധീകരിച്ച് തോമറും പീയുഷ് ഗോയലും കേന്ദ്ര വാണിജ്യ വ്യാവസായ സഹമന്ത്രി സോം പ്രകാശുമാണ് എത്തുക.

കേന്ദ്രത്തെ സംബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ച വളരെ നിര്‍ണായകമാണ്. ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു. തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍റെ തുടർച്ചയായ ആവശ്യപ്രകാരമാണ് കർഷകർ വീണ്ടും ചർച്ചയ്ക്ക് തയാറായിരിക്കുന്നത്. ചർച്ച പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.

Comments (0)
Add Comment