സെൻട്രൽ സ്റ്റേഡിയത്തിലെ പന്തല്‍ വാക്സിനേഷന്‍ കേന്ദ്രമാക്കണമെന്ന് ഡോ. എസ്.എസ് ലാലിന്‍റെ നിർദ്ദേശം ; പിന്നാലെ നടപ്പാക്കി സർക്കാർ

Jaihind Webdesk
Friday, May 21, 2021

 

തിരുവനന്തപുരം :  ഡോക്ടർ എസ് എസ് ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്റ്റേഡിയം വാക്‌സിൻ കേന്ദ്രമാക്കാൻ സർക്കാർ തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുക്കിയ പന്തല്‍ പൊളിക്കരുതെന്ന നിര്‍ദേശമായിരുന്നു ലാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ ഉൾപ്പെടെ പൊളിക്കില്ല. ഉത്തരവ് ഇന്ന് ഇറങ്ങും. കൊവിഡ് വ്യാപന തോത് ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മാമാങ്കത്തിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. ഇതിനിടെയാണ് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്ന ആരോഗ്യ വിദഗ്ധൻ ഡോ എസ്.എസ് ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായത്.

“ഇനിയാ പന്തൽ പൊളിക്കരുത്. മന്തിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കാൻ പോകുകയാണ്. ഇക്കാര്യത്തിൽ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല. ഒരു നിർദ്ദേശമുണ്ട്. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം.

പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും. പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം”-  എസ്. എസ് ലാല്‍ കുറിച്ചു. എന്തായാലും നിർദ്ദേശത്തെ സർക്കാർ പോസിറ്റീവായി തന്നെ കണ്ടു. സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ ഉൾപ്പെടെ പൊളിക്കില്ല. വരും ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമാകുന്ന വാക്‌സിനേഷൻ കേന്ദ്രമായി സ്റ്റേഡിയത്തെ മാറ്റും.