വിവരാവകാശം നിഷേധിച്ചതില്‍ ഒന്നാം സ്ഥാനത്ത് ആഭ്യന്തര മന്ത്രാലയം; 14.69% അപേക്ഷകളും നിരസിച്ചു

Jaihind Webdesk
Wednesday, March 2, 2022

 

ന്യൂഡല്‍ഹി : 2020-2021 കാലയളവില്‍ മാത്രം നിരസിക്കപ്പെട്ടത് 51,390 വിവരാവകാശ നിയമ അപേക്ഷകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ധനകാര്യമന്ത്രാലയവുമാണ് അപേക്ഷകള്‍ നിരസിക്കുന്നതില്‍ ഏറ്റവും മുന്നില്‍. ഗതാഗത മന്ത്രാലയത്തിന് മുന്നിലെത്തിയ അപേക്ഷകളാണ് ഏറ്റവും കുറവ് നിരസിക്കപ്പെട്ടതെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2020-2021 കാലയളവില്‍ വിവിധ മന്ത്രാലയങ്ങളിലും പൊതുവകുപ്പുകളിലുമായി എത്തിയ വിവരാവകാശ അപേക്ഷകളില്‍ 3.8 ശതമാനം നിരസിക്കപ്പെട്ടു.  16.82 ലക്ഷം അപേക്ഷകളില്‍ 51,390 എണ്ണത്തിനും മറുപടി ലഭിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലെത്തിയ ഓരോ 7 അപേക്ഷകളിലും ഒന്ന് എന്ന നിലയില്‍ നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍. 10 അപേക്ഷകളില്‍ ഒന്ന് എന്നതാണ് ധനവകുപ്പിലെ കണക്ക്.

വിവരാവകാശത്തോട് മുഖം തിരിച്ചതില്‍ ഏറ്റവും മുന്നിലുള്ളത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. 14.69 ശതമാനം വിവരാവകാശ അപേക്ഷകള്‍ക്കും മറുപടി നിരസിക്കപ്പെട്ടു. മന്ത്രാലയത്തിന് മുന്നിലെത്തിയ  59,286 അപേക്ഷകളില്‍ 8711 എണ്ണത്തിനും മറുപടി ലഭിച്ചില്ല. 2019-20 കാലയളവില്‍ ഇത് 20.46% ആയിരുന്നു. തൊട്ടുപിന്നിലുള്ള ധനവകുപ്പില്‍ 2020-2021 ല്‍ ലഭിച്ച 1.70 ലക്ഷം വിവരാവകാശ അപേക്ഷകളില്‍ 17,252 എണ്ണത്തിനും (10.12%) മറുപടി ലഭിച്ചില്ല. 2019-2020 ല്‍ ധനവകുപ്പില്‍ ലഭിച്ച 1.92 ലക്ഷം പരാതികളില്‍ തള്ളിയത് 23,995 (12.48%) എണ്ണമാണ്. ഏറ്റവും കൂടുതല്‍ വിവരാവകാശ അപേക്ഷകള്‍ ലഭിച്ചതും ധനമന്ത്രാലയത്തിനാണ്.

റെയില്‍വേ (1.23 ലക്ഷം) , തൊഴില്‍ (1.18 ലക്ഷം)  മന്ത്രാലയങ്ങളാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റെയില്‍വേയ്ക്ക് മുന്നിലെത്തിയ 1.23 ലക്ഷം വിവരാവകാശ അപേക്ഷകളില്‍ 1798 എണ്ണം (1.46%) നിരസിക്കപ്പെട്ടു. 1.18 ലക്ഷം അപേക്ഷകളില്‍ 2642 (2.29%) എണ്ണത്തില്‍ തൊഴില്‍ മന്ത്രാലയവും മൗനം പാലിച്ചു.  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് ലഭിച്ച 60423 അപേക്ഷകളില്‍ 438 ഉം (0.72%) ഗതാഗതമന്ത്രാലയത്തിന് ലഭിച്ച 18853 വിവരാവകാശ അപേക്ഷകളില്‍ 134 എണ്ണവും(0.71%) നിരസിക്കപ്പെട്ടു.

വിവരാവകാശ നിയമത്തിലെ 8(1), 24 വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷകള്‍ നിരസിക്കപ്പെട്ടത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായത്, രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങളെ ഒഴിവാക്കുന്നത് തുടങ്ങിയവയാണ് ഈ വകുപ്പിന്‍റെ പരിധിയില്‍ വരുന്നത്. പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 നാണ് പ്രാബല്യത്തില്‍ വന്നത്.