ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശനവും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെയും കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. എത്രയുംപെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഹര്‍ത്താലിന് ശേഷവും രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി ഉടന്‍ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെയും അക്രമങ്ങള്‍ക്കെതിരെയും ബിജെപി എംപിമാര്‍ ഇന്നലെ രാജ്‌നാഥ് സിംഗിനെ കണ്ട് പരാതി നല്‍കിയിരുന്നു.
മാവോയിസ്റ്റ് ബന്ധമുള്ളവരെ ശബരിമലയില്‍ കയറ്റി ദര്‍ശനം നടത്തിച്ചെന്നും ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വി മുരളീധരന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് തന്നെ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സന്ദേശം കൈമാറിയത്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടര്‍നടപടികള്‍ സ്വീകരിക്കും.