ചെന്നൈ : സിബിഐയെ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. സിബിഐ എന്നത് പാര്‍ലമെന്റിന് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്വയംഭരണ സ്ഥാപനമായിരിക്കണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ചൊവ്വാഴ്ചയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
ബിജെപി സര്‍ക്കാരിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി സിബിഐ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് മദ്രാസ് ഹൈക്കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സ് അധികാരത്തിലിരുന്ന സമയത്ത് സര്‍ക്കാര്‍ സിബിഐയയെ നിയന്ത്രിക്കുന്നു എന്ന ആരോപണം ബിജെപിയും ഉന്നയിച്ചിരുന്നു.
പാര്‍ലമെന്റിനോട് മാത്രം ഉത്തരവാദിത്വമുള്ള കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അതേ നിലയിലുള്ള സ്വയംഭരണാവകാശം സിബിഐയ്ക്ക് ഉണ്ടായിരിക്കണം എന്നും കോടതി പറഞ്ഞു. രാമനാഥപുരം ജില്ലയില്‍ നടന്ന ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഈ ഉത്തരവ് സിബിഐ എന്ന കൂട്ടിലകപ്പെട്ട തത്തയെ പുറത്തുവിടാനുള്ള ഒരു ശ്രമമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
“തിരഞ്ഞെടുപ്പ് കമ്മീഷനെയും സിഎജിയെയും പോലെ സിബിഐയെ സ്വതന്ത്രമാക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറി പദവി പോലെ അധികാരമുള്ള പദവി സിബിഐയ്ക്കും നല്‍കേണ്ടതുണ്ട്. പ്രധാനമന്ത്രിക്കോ മന്ത്രിക്കോ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലുള്ള അധികാരവും സിബിഐയ്ക്ക് നല്‍കേണ്ടതുണ്ട്”, കോടതി പറഞ്ഞു.
2013ല്‍ കല്‍ക്കരിപ്പാടം അനുവദിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി സിബിഐയെ കൂട്ടിലടച്ച തത്ത എന്നു വിളിച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് സിബിഐയുടെ സ്വതന്ത്രാധികാരവുമായി ബന്ധപ്പെട്ട് സമാനമായ പരാമർശം കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.
ഏതാനും മാസം മുമ്പ് രാമനാഥപുരം ജില്ലയില്‍ നടന്ന ചിട്ടിത്തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ തങ്ങള്‍ക്ക് കേസ് പരിഗണിക്കാനാവില്ല എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ആള്‍ക്ഷാമമുണ്ടെന്നും കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ ഇത്തരത്തിലൊരു മറുപടി കോടതിയില്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് ഹര്‍ജി കോടതി തള്ളിയെങ്കിലും സിബിഐയുടെ അടിസ്ഥാന സ്വഭാവം മാറ്റണമെന്ന നിര്‍ദേശം കോടതി മുന്നോട്ടുവെക്കുകയായിരുന്നു.
സിബിഐയ്ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എന്തെല്ലാം വേണമെന്നും എത്രയാളുകള്‍ വേണമെന്നുമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കണമെന്ന് സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിബിഐയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ സിബിഐയെ അമേരിക്കയുടെ എഫ്ബിഐയോടും യുകെയുടെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനോടും കിടപിടിക്കുന്ന സംവിധാനമാക്കി മാറ്റാന്‍ കഴിയുമെന്നും കോടതി അഭിപ്രായപ്പെട്ടു.
.