കേന്ദ്ര സർക്കാരിന്‍റേത് ജനവിരുദ്ധ ബജറ്റ്: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Wednesday, February 1, 2023

 

ന്യൂഡൽഹി: വിലക്കയറ്റവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിന് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാത്തതാണ് കേന്ദ്ര ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാല്‍ എംപി. കര്‍ഷകരെ പൂര്‍ണ്ണമായും മറന്നു. അവര്‍ക്ക് വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളോ അവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനേക്കുറിച്ച് പരാമര്‍ശമോ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണ്. പാവങ്ങളെ തഴഞ്ഞ് അദാനി-കേന്ദ്രീകൃത ബജറ്റാണ് അവതരിപ്പിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ധനവിഹിതം കുറച്ച് ഘട്ടം ഘട്ടമായി അത് ഇല്ലായ്മ ചെയ്യാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. കൊവിഡിനെത്തുടര്‍ന്ന് ജീവിതം ഇരുളടഞ്ഞ ചെറുകിട സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു പ്രത്യാശയും നല്‍കുന്നില്ല. ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ധിക്കുന്നതല്ലാതെ അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരു നിര്‍ദ്ദേശവുമില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

7 ശതമാനം ജിഡിപി വളർച്ചയെന്ന ധനമന്ത്രിയുടെ അവകാശവാദം അമ്പരപ്പിക്കുന്നതാണ്. 6 – 6.8 ശതമാനം മാത്രം വളർച്ചയുള്ള ലോകബാങ്ക്, ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട്‌ (IMF) എന്നിവയേക്കാൾ ഉയർന്ന അവകാശവാദമാണ് മന്ത്രിയുടേത്. സാമ്പത്തിക സർവേ പോലും 6.5 എന്ന നിരക്ക് പറയുമ്പോഴാണിത്.

2025 ല്‍ അഞ്ച് ട്രില്യൺ എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം വെറും പൊള്ളയാണ്. 2023 ല്‍ 3.5 ട്രില്യൺ ഇക്കോണമി എന്നതാണ് യഥാര്‍ത്ഥ അവസ്ഥ. ഇനിയുള്ള രണ്ടുവര്‍ഷം 19.5 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ ഇന്ത്യക്ക് 2025 ല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. എന്നാല്‍ നിലവിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6 ശതമാനം മാത്രമാണ്. ഇതോടെ ബിജെപിയുടെ മറ്റൊരു വാഗ്ദാനം കൂടി ചാപിള്ളയായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വലിയ തിക്തഫലങ്ങള്‍ രാജ്യം നേരിടുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കാനുള്ള നടപടികള്‍ തീരെ അപര്യാപ്തമാണ്. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ഉതകുന്ന പദ്ധതികള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കേണ്ടതായിരുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് ഇളവ് നല്‍കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും അതിന്‍റെ പ്രയോജനം ലഭിക്കുന്നത് സമ്പന്നര്‍ക്ക് മാത്രമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.