സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയില്ല; കല്ലിടാന്‍ പറഞ്ഞിട്ടില്ലെന്നും കേന്ദ്രം ഹൈകോടതിയില്‍: സില്‍വർ ലൈനിന് തിരിച്ചടി

Jaihind Webdesk
Thursday, June 2, 2022

കൊച്ചി: സില്‍വർ ലൈന്‍ പദ്ധതിക്ക് തിരിച്ചടിയായി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്‍റെ സത്യവാങ്മൂലം. പദ്ധതിക്ക് ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് . കേന്ദ്രം തത്വത്തിൽ നൽകിയിരിക്കുന്ന അനുമതി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ്. ഡിപിആർ തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് തത്വത്തിൽ അനുമതി നൽകിയിരിക്കുന്നത്. കെ റെയിൽ കൈമാറിയ ഡിപിആർ അപൂർണമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹികാഘാത പഠനത്തിനും കേന്ദ്രസർക്കാരിൻറെ അനുമതിയില്ല. സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര ധനമന്ത്രാലയം സിൽവർലൈൻ പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും സാങ്കേതിക, സാമ്പത്തിക സാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ അനുമതി നൽകൂവെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.