ദേശീയപാതയുടെ സുരക്ഷിതത്വം; നിര്‍മ്മാണ കരാറുകാരുടെ മേല്‍ പഴിചാരി രക്ഷപെടാമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരുതേണ്ടെന്ന് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Wednesday, May 21, 2025

കേരളത്തില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ദേശീയപാതയുടെ സുരക്ഷിതത്വം സംബന്ധിച്ച് ജനങ്ങളുടെ ഇടയില്‍ ഉയര്‍ന്ന കടുത്ത ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെടുന്നവര്‍ക്ക് നിര്‍മ്മാണത്തിലെ അപാകതകളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ബാധ്യതയുണ്ട്. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ മഴക്കാലം ആരംഭിച്ചപ്പോള്‍ തന്നെ പലയിടത്തും വിള്ളലുകള്‍ രൂപപ്പെടുകയും ഇടിഞ്ഞ് താഴുകയും ചെയ്യുന്നു.കാലവര്‍ഷം കനക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും.

കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയ്ക്ക് സമീപം വ്യാപകമായി മണ്ണിടിഞ്ഞു.കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്നുകൊടുത്ത മലാപ്പറമ്പില്‍ ദേശീപാത സര്‍വീസ് റോഡ് ഇടിഞ്ഞുതാണു. കോഴിക്കോട് തൃശ്ശൂര്‍ ദേശീയപാതയില്‍ കൂരിയാടില്‍ ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണിരുന്നു. ഇവിടെനിന്ന് നാലു കിലോ മീറ്റര്‍ മാറി കോഴിക്കോട് റോഡില്‍ തലപ്പാറ ഭാഗത്ത് റോഡില്‍ വിള്ളലുണ്ടായി.കാഞ്ഞങ്ങാട് മാവുങ്കാലിലും ചെമ്മട്ടംവയലിനുമിടയില്‍ സര്‍വീസ് റോഡ് ഇടിഞ്ഞുതാണു.ഇതെല്ലാം ആശങ്കവര്‍ധിപ്പിക്കുന്ന സംഭവങ്ങളാണ്. കാസര്‍ഗോഡ് പുല്ലൂര്‍ അടിപ്പാതയിലും വിള്ളല്‍ രൂപപ്പെട്ടു.തൃശ്ശൂര്‍-പാലക്കാട് ദേശീയപാത 544 ഉം യാത്രക്കാരുടെ പേടി സ്വപ്‌നമായി മാറി.നിര്‍മ്മാണത്തിലെ അപാകത പരിഹരിച്ച് ശാസ്ത്രീയമായ നിര്‍മ്മാണം ഉറപ്പുവരുത്തി സുരക്ഷാ പ്രതിസന്ധി പരിഹരിക്കണം.

വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെയുള്ള അശാസ്ത്രീയമായ ദേശീയപാത നിര്‍മ്മാണമാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. നിര്‍മ്മാണ കരാറുകാരുടെ മേല്‍ പഴിചാരി രക്ഷപെടാമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരുതരുത്. ദേശീയപാത നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേടുണ്ട്. അതുകൊണ്ട് തന്നെ സമഗ്രമായ അന്വേഷണം നടത്തണമെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

പൊതുമരാമത്ത് മന്ത്രി റോഡു പണി നടക്കുന്നിടത്ത് നിരന്തരം പോയി നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്തിയെന്നാണ് അവകാശപ്പെട്ടിരുന്നത്. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ജനപ്രതിനിധികള്‍ ഉത്തരവാദിത്തപ്പെട്ട വേദികളില്‍ പരാതികള്‍ ഉന്നയിച്ചിന്നിട്ടും അത് പരിശോധിക്കാനുള്ള ജാഗ്രത പോലും ഉണ്ടായിട്ടില്ല. പാതക്കായി മണ്ണിട്ട് ഉയര്‍ത്തിയ സ്ഥലങ്ങളില്‍ വെള്ളം ഒഴുകിപോകുന്നതിലെ സംവിധാനങ്ങളുടെ അപാകത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും അത് പുനഃപരിശോധിക്കാന്‍ തയ്യാറായില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.