2019ലെ പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതേസമയം കേരളം ഒഴികെയുള്ള 7 സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകി.
സഹായം തേടി കേരളം സെപ്തംബർ ഏഴിന് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ പരിഗണിച്ചില്ല. 5,908 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന സമിതി യോഗം അനുവദിച്ചത്.
കേരളം ഒഴികെ ആസാം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം നൽകിയിരിക്കുന്നത്. പ്രളയക്കെടുതിയിൽ ഏറ്റവും അധികം നഷ്ടം സംഭവിച്ചത് കേരളത്തിനാണ്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോഴും, കേന്ദ്രം കേരളത്തെ തഴഞ്ഞിരുന്നു.