റഫാല്‍: അഴിമതി മൂടിവെക്കാന്‍ ശ്രമം ; ജെപിസി അന്വേഷണത്തിന് കേന്ദ്രം തയ്യാറാകണം : എ.കെ ആന്‍റണി

Jaihind Webdesk
Monday, July 5, 2021

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നീതിയുക്തവുമായ സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി അന്വേഷണത്തിന് കേന്ദ്രം തയാറായേ മതിയാകൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്‍റണി. റഫാല്‍ അഴിമതിയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രിയും മൌനം തുടരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

റഫാല്‍ ഇടപാടിലെ അഴിമതി പ്രഥമദൃഷ്ട്യാ പ്രകടമാണെന്ന് എ.കെ ആന്‍റണി പറഞ്ഞു. ജെപിസി അന്വേഷണം എന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും മുഖം തിരിക്കുന്നത് അഴിമതി മൂടിവെക്കാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ്. സുതാര്യത ഇല്ലാതെ ഏകപക്ഷീയമായാണ് പ്രധാനമന്ത്രി കരാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഒരു സുപ്രധാന പ്രതിരോധ കരാര്‍ ഇത്തരത്തില്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച നടപടി പ്രതിരോധ മേഖലയിലെ വിദഗ്ധരെ പോലും ഞെട്ടിച്ചു.

126 വിമാനങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അതിനെ അട്ടിമറിച്ചുകൊണ്ട് 36 വിമാനങ്ങള്‍ കൂടിയ വിലയ്ക്ക് വാങ്ങാന്‍ മോദി സര്‍ക്കാര്‍ കരാറായത്. മാത്രമല്ല, റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യാ കൈമാറ്റവും ഇതിലൂടെ രാജ്യത്തിന് നഷ്ടമായി. വിമാനങ്ങളുടെ എണ്ണം 126 ൽ നിന്ന് 36 ആയി കുറച്ചതിന്‍റെ കാരണം ഇന്നുവരെ പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരോ വ്യക്തമാക്കിയിട്ടില്ല. കൂടിയ വിലയില്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് ഓഫ്‌സെറ്റ് കരാർ നിരസിക്കുന്നതിന്‍റെയും കാരണവും ബിജെപി സർക്കാർ വിശദീകരിച്ചിട്ടില്ല. ഡിഫൻസ് അക്വിസിഷൻ കൗൺസിലിൽ നിന്ന് അനുമതി ലഭിക്കുകയും ചർച്ചകൾക്ക്അന്തിമരൂപം നൽകുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രിക്കും സർക്കാരിനും ഏകപക്ഷീയമായി മറ്റൊരു കരാറിൽ ഏർപ്പെടാൻ എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ മോദി സർക്കാരിന്‍റെ മൗനം അഴിമതി മൂടിവെക്കാനുള്ള ശ്രമമാണെന്നും എ.കെ ആന്‍റണി ചൂണ്ടിക്കാട്ടി.

കരാറില്‍ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാരിന്‍റെ  പബ്ലിക് പ്രോസിക്യൂഷൻ സർവീസസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അന്വേഷണത്തിന് ഉത്തരവിട്ട് രണ്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രിയും ഒരക്ഷരം പോലും പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് എ.കെ ആന്‍റണി ചോദിച്ചു. അഴിമതി ആരോപണങ്ങളുടെ ഉത്തരവാദിത്തത്തിൽ സർക്കാരിന് രക്ഷപ്പെടാനാകില്ല. യാഥാർത്ഥ്യം അംഗീകരിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ഇടപാടിലെ മുഴുവൻ അഴിമതി ആരോപണങ്ങളും സംബന്ധിച്ച് ഉത്തരവാദിത്തം അംഗീകരിച്ച് സ്വതന്ത്രവും നീതിയുക്തവുമായ ജെപിസി അന്വേഷണത്തിന് ഉത്തരവിടുക എന്നതാണ് സർക്കാരിന് മുന്നിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ പറഞ്ഞു.