വിവാദ എഐ ചിത്രങ്ങള്‍: എക്‌സിന് കേന്ദ്രത്തിന്റെ അന്ത്യശാസനം; 72 മണിക്കൂറിനകം നടപടി വേണം

Jaihind News Bureau
Saturday, January 3, 2026

 

ന്യൂഡല്‍ഹി: എക്‌സിലെ എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്’ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ അശ്ലീലമായി എഡിറ്റ് ചെയ്യുന്നതിനെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര ഐടി മന്ത്രാലയം. 72 മണിക്കൂറിനകം വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം എക്‌സിന് നോട്ടീസയച്ചു.

2000-ലെ ഐടി ആക്ട്, 2021-ലെ ഐടി നിയമങ്ങള്‍ എന്നിവ പ്രകാരം പാലിക്കേണ്ട ജാഗ്രത ഉറപ്പാക്കുന്നതില്‍ എക്‌സ് പരാജയപ്പെട്ടുവെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ചൂണ്ടിക്കാട്ടി. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ച് ലൈംഗിക ചുവയുള്ള സിന്തറ്റിക് ഇമേജുകളും വീഡിയോകളും നിര്‍മ്മിക്കാന്‍ ഗ്രോക് ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനോ നിയന്ത്രിക്കാനോ എക്‌സ് കാര്യമായ ശ്രമങ്ങള്‍ നടത്തിയില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഗ്രോക്കിന്റെ സാങ്കേതികവും ഭരണപരവുമായ ചട്ടക്കൂടുകള്‍ അടിയന്തരമായി അവലോകനം ചെയ്യാനും നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്നത് തടയാന്‍ സംവിധാനമൊരുക്കാനും നിര്‍ദ്ദേശമുണ്ട്. എക്‌സിലെ എഐ ആപ്പുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടിരുന്നു. എഐ ദുരുപയോഗം അന്തസ്സും സ്വകാര്യതയും ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംപിയുടെ ഇടപെടല്‍. കുറ്റകരമായ ഉള്ളടക്കങ്ങള്‍ തെളിവ് നശിപ്പിക്കാതെ ഉടന്‍ നീക്കം ചെയ്യണം. വരും ദിവസങ്ങളില്‍ എക്‌സ് നല്‍കുന്ന മറുപടി ഇന്ത്യയിലെ ഇവരുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമാകും.