മുസ്ലിം ഇതര മതവിഭാഗത്തിലുള്ള അഭയാർത്ഥികളിൽ നിന്ന്പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം

Jaihind Webdesk
Saturday, May 29, 2021

 

ന്യൂഡല്‍ഹി : രാജ്യത്തെ മുസ്ലിം ഇതര മതവിഭാഗത്തില്‍പ്പെട്ട അഭയാർത്ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ അഭയാർത്ഥികളായ മുസ്ലീം ഇതര മതത്തിലുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

പൗരത്വ നിയമം1955 ന്റെ 2009 ലെ ചട്ടങ്ങൾ ആധാരമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷ നൽകാം. ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം. അപേക്ഷയിൽ ജില്ലകളിലെ കളക്ടർമാരാണ് തീരുമാനം എടുക്കേണ്ടത്.

സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലല്ല കേന്ദ്ര ആഭ്യന്തര വകുപ്പ് അപേക്ഷ ക്ഷണിച്ചത്. സിഎഎയുടെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ ഇതുവരെ തയാറാക്കിയിട്ടില്ല. വൻ പ്രതിഷേധങ്ങൾ നടന്ന 2019 ലെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുമ്പേയുള്ള കേന്ദ്രത്തിന്‍റെ പുതിയ നീക്കവും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കും.