1300 ലേറെ എടിടിഎസ് അടച്ചുപൂട്ടിയെന്ന് കേന്ദ്രം; എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടി

Jaihind Webdesk
Tuesday, March 21, 2023

 

ന്യൂഡല്‍ഹി: രാജ്യത്തെ 1300 ലേറെ അനലോഗ് ടെറസ്ട്രിയല്‍ ടിവി ട്രാന്‍സ്മിറ്ററുകള്‍ ഘട്ടം ഘട്ടമായി അടച്ചു പൂട്ടിയതായി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്.

പ്രക്ഷേപണ രംഗത്തെ നൂതനമായ മാറ്റങ്ങളും വീടുകളില്‍ നേരിട്ട് സേവനം നല്‍കുന്ന (DTH) സംവിധാനവും നടപ്പിലാക്കിയതിലൂടെ അനലോഗ് ടെറസ്ട്രിയല്‍ ടിവി ട്രാന്‍സ്മിറ്ററുകള്‍ (ATTS) അപ്രസക്തമായെന്ന് മന്ത്രി അറിയിച്ചു. 51 വിദ്യാഭ്യാസ ചാനലുകള്‍ ഉള്‍പ്പെടെ 160 ലധികം ചാനലുകളാണ് ഡിടിഎച്ചിലൂടെ നല്‍കുന്നത്. തന്ത്രപ്രാധാനമായ സ്ഥലങ്ങളിലെ 55 എടിടിഎസുകളും ജമ്മു കശ്മീരില്‍ 4 ഹൈപവേര്‍ഡ് ട്രാന്‍സമിറ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഒഴിച്ച് രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും ഡിടിഎച്ച് സൗകര്യം ലഭ്യമാണ്. ആന്‍റമാന്‍ നികോബാര്‍ ദ്വീപില്‍ പത്ത് ചാനലുകളുളള പ്രത്യേക സി-ബാന്‍റ് ഡിടിഎച്ച് സേവനം പ്രവര്‍ത്തനക്ഷമമാണെന്നും മന്ത്രി പറഞ്ഞു.

പ്രതിമാസ വാടക കൂടാതെ ഡിടിഎച്ച് സേവനം ലഭ്യമാക്കുന്ന കുറഞ്ഞ വിലയ്ക്കുളള ഡിഡി ഫ്രീ ഡിഷ് ലഭ്യമാണ്. ലോകത്ത് എവിടെയിരുന്നും കേള്‍ക്കാന്‍ കഴിയുന്ന 260 ലേറെ ആള്‍ ഇന്‍ഡ്യ റേഡിയോയുടെ ചാനലുകളുടെ സേവനം ന്യൂസ് ഓണ്‍ എയര്‍ ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ടെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി ലോക്സഭയെ അറിയിച്ചു.