കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ വീണ്ടും പൊട്ടിത്തെറി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ കമ്മീഷൻ അംഗം അശോക് ലവാസക്ക് കത്തയച്ചു. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശം. ഒദ്യോഗികമായി രണ്ട് കത്തുകളാണ് എഴുതിയത്. ലവാസ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയാൻ നാളെ യോഗം ചേരും.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് അനുവദിച്ചതില്‍ വിയോജിപ്പ് പരസ്യമാക്കിയ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായ അശോക് ലവാസയെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങി. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നും ലവാസയുടെ വിയോജനക്കുറിപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക യോഗം വിളിക്കുമെന്നും അറിയിച്ച് അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കത്തെഴുതി. രണ്ട് ഔദ്യോഗിക കത്തുകളാണ് ലവാസയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അയച്ചിട്ടുള്ളതെന്നാണ് വിവരം.
മോദിയ്ക്ക് തുടര്‍ച്ചയായി ക്ലീന്‍ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് അശോക് ലവാസ കമ്മീഷന്‍റെ യോഗങ്ങളില്‍ നിന്ന് രണ്ടാഴ്ചയായി വിട്ടു നില്‍ക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ക്ലീന്‍ചിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാവുന്നതായിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും എത്തിയതോടെ കമ്മീഷനിലെ ഭിന്നത മറനീക്കി പുറത്തെത്തി. കമ്മീഷന്‍ അംഗങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും ഒരാളും മറ്റൊരാളുടെ പകര്‍പ്പാവേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു സുനില്‍ അറോറയുടെ പ്രതികരണം. അനാവശ്യ വിവാദങ്ങള്‍ അസമയത്ത് ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് മിണ്ടാതിരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.