കണ്ണൂര്‍: വടകര മണ്ഡലത്തില്‍ പി.ജയരാജനെതിരെ മത്സരിച്ച സി.പി.എം വിമതന്‍ സി.പി.എം വിമതന്‍ സി.ഒ.ടി നസീറിനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ സി.സി ട.വി ദൃശ്യങ്ങള്‍ പുറത്ത്. ഒന്നിലേറെ തവണ നസീറിനെ വെട്ടിയശേഷം അക്രമികള്‍ ശരീരത്തിലൂടെ ബൈക്ക് കയറ്റിയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വഴിയില്‍ കാത്തുനിന്ന സംഘമാണ് നസീറിനെ ആക്രമിച്ചത്. ആക്രമണം കൃത്യമായ ആസൂത്രണത്തോടെയാണെന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
നസീറിനെ ആക്രമിച്ച കൊളശ്ശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ പൊലീസ് നല്‍കിയ എഫ്.ഐ.ആറില്‍ ഇവര്‍ പ്രതികളായിരുന്നില്ല. വെട്ടിയപ്രതികള്‍ക്ക് പകരം ആളെ പാര്‍ട്ടിക്കാര്‍ തന്നെ സംഘടിപ്പിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണോ സി.പി.എമ്മില്‍ നിന്നുണ്ടാകുന്നതെന്ന് സംശയമുണ്ട്. ആദ്യ പ്രതിപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ കീഴടങ്ങിയതോടെ ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥിനില്‍ നിന്നും റിപ്പോര്‍ട്ട് തേടാതെയാണ് കോടതി റിമാന്റ് ചെയ്തത്. കേസില്‍ ഇതുവരെ അഞ്ചു പ്രതികളാണ് കീഴടങ്ങിയത്.
ഇതിനിടെ തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ തന്നെ ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി സി.ഒ.ടി നസീറും രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ ആസൂത്രണത്തെ കുറിച്ച് അന്വേഷിക്കണമെന്നതാണ് നസീറിന്റെ ആവശ്യം. ഷംസീര്‍ എംഎല്‍എയാണ് ആക്രമണത്തിന് പിന്നിലെന്നും അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നസീര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നസീര്‍ അടുത്തിടെയാണ് സി.പി.എം വിട്ടത്.