കൊച്ചി: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ മുൻ മന്ത്രി സജി ചെറിയാനെ വെള്ളപൂശിയ പോലീസ് റിപ്പോർട്ട് തള്ളി സിബിഐ അന്വേഷണത്തിന് ഉത്തരവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സിബിഐയോ കർണാടക പോലീസോ കേസ് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ അഭിഭാഷകൻ ബിജു നോയലിന്‍റെ ഹർജിയിലെ ആവശ്യം.
തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നതായുള്ള റിപ്പോർട്ട് പോലീസ് കോടതിയിൽ നൽകിയിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹർജിയില്‍ ആവശ്യമുണ്ട്. പത്തനംതിട്ട മല്ലപ്പള്ളിയിൽ സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പോലീസ് ആരുടെയും മൊഴി രേഖപ്പെടുത്താന്‍ തയാറായില്ല. പോലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെ ഹർജിയില്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 3 നാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. ‘ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത്’ എന്ന പരാമർശമാണ് വിവാദമായത്. ഇതോടെ അതിശക്തമായ പ്രതിഷേധം ഉയർന്നു. പിന്നാലെ സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. എന്നാല്‍ തെളിവുകളില്ലെന്ന് കാട്ടി പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.