സിബിഐയിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ശക്തമാണെന്ന് ശരിവെച്ച് ഡയറക്ടർ

Jaihind Webdesk
Monday, October 15, 2018

സിബിഐയിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ശക്തമാണെന്ന് ശരിവെച്ച് ഡയറക്ടർ അലോക് വർമ രംഗത്ത്. സിബിഐയുടെ അധികാരത്തിലേക്കുള്ള കേന്ദ്രസർക്കാരിന്‍റെ കടന്നുകയറ്റത്തിൽ ശക്തമായി പ്രതിഷേധിച്ച് ഡയറക്ടർ അലോക് വർമ കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് ഡയറക്ടർ കത്തയച്ചു. അനധികൃതമായി ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് കത്തയച്ചത്.

സിബിഐയിലേക്ക് അനധികൃതമായി ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് അലോക് വർമ കേന്ദ്ര വിജിലൻസ് കമീഷണർക്ക് ഡയറക്ടർ കത്തയച്ചത്. നിയമവും കീഴ്വഴക്കവും ലംഘിച്ച് സിബിഐയിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിലുള്ള പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വിഭാഗത്തിന്‍റെ നടപടിയെ ചോദ്യം ചെയ്താണ് സിബിഐ ഡയറക്ടർ കത്തയച്ചത്. സിബിഐ ശുപാർശ ചെയ്യാത്തവരെ പുതുതായി നിയമിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ഡയറക്ടറുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പിനുള്ള സമിതി യോഗം ചേരുന്നതിന് തലേദിവസം വൈകിട്ട് മാത്രമാണ് അജണ്ട സിബിഐയെ അറിയിച്ചത്. പരിഗണിക്കപ്പെടുന്നവരെക്കുറിച്ച് ആവശ്യമായ അന്വേഷണത്തിന് സമയം ലഭിച്ചില്ല. നിലവിൽ നിയമിക്കാനുദ്ദേശിക്കുന്ന പലരും സിബിഐ ശുപാർശ ചെയ്യാത്തവരാണ്. കൃത്യമായ അന്വേഷണത്തിനുശേഷം സിബിഐ ശുപാർശ ചെയ്യുന്നവരെയാണ് പരിഗണിക്കേണ്ടതെന്നാണ് സുപ്രീംകോടതി നിർദേശം. മോഡി അധികാരത്തിലേറിയ ശേഷം കഴിഞ്ഞ നാലുവർഷവും നിയമനങ്ങളിൽ സുപ്രീംകോടതി നിർദേശം മറികടന്നതായാണ് വ്യക്തമാകുന്നത്.

സമാന നീക്കങ്ങളെ കഴിഞ്ഞവർഷം ഒക്‌ടോബർ 21നും ഈ വർഷം ജനുവരി 17നും സിബിഐ എതിർത്തിരുന്നു. മുമ്പ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ അടുപ്പക്കാരൻ രാകേഷ് അസ്താനയ്ക്ക് അമിതാധികാരം നൽകുന്നതിനെതിൽ സിബിഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിബിഐയിലേക്ക് നിയമിക്കാൻ പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സ്‌പെഷ്യൽ ഡയറക്ടർ അസ്താനയെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് സിവിസിയെ സിബിഐ അറിയിച്ചു.

ഉറുഗ്വേയിൽ നടന്ന ഇന്‍റർപോൾ കോൺഫറൻസിൽ താൻ പങ്കെടുക്കവെ സെലക്ഷൻ കമ്മിറ്റി യോഗം വിളിച്ചതിൽ അലോക് വർമ നേരത്തെ സിവിസിയെ അതൃപ്തി അറിയിച്ചിരുന്നു. കഴിഞ്ഞവർഷം സ്‌പെഷ്യൽ ഡയറക്ടറായി അസ്താനയെ നിയമിച്ചതോടെതന്നെ സിവിസിയുടെ ഇടപെടൽ സംശയ നിഴലിലായിരുന്നു. ആരോപണവിധേയനായ അസ്താനയെ ഒഴിവാക്കണമെന്ന ഡയറക്ടറുടെ നിർദ്ദേശം പരിഗണിക്കാതെയാണ് നിയമനം നടത്തിയത്. പുതിയ നീക്കത്തോടെ
സിബിഐയിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ശക്തമാണെന്ന വിവരമാണ് ഡയറക്ടർ തന്നെ ശരിവയ്ക്കുന്നത്.