CBI കേസ്: തിരിച്ചടിയേറ്റത് പ്രധാനമന്ത്രിയുടെ ഏകാധിപത്യ പ്രവണതയ്ക്കും ധാർഷ്ട്യത്തിനും

Jaihind Webdesk
Tuesday, January 8, 2019

Alok-Kumar-Verma-PM-Modi

സി.ബി.ഐ കേസിൽ തിരിച്ചടിയേറ്റതോടെ കേന്ദ്ര സർക്കാർ കടുത്ത പ്രതിരോധത്തിലായി. മാനദണ്ഡങ്ങൾ മറികടന്ന് അലോക് വർമയെ മാറ്റിയ നടപടി രാജ്യത്തെ പരമോന്നത നീതിപീഠം ഇല്ലാതാക്കിയതോടെ ഭരണപരമായും രാഷ്ട്രീയമായും തിരിച്ചടിയേറ്റത് പ്രധാനമന്ത്രിമോദിയുടെ ഏകാധിപത്യ പ്രവണതയ്ക്കും ധാര്‍ഷ്ട്യത്തിനുമാണ്. 2018 ഒക്‌ടോബർ 23ന് അർധരാത്രിയിലാണ് അലോക് വർമയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്നും കേന്ദ്ര സർക്കാർ കൗശലപൂർവം മാറ്റി എൻ നാഗേശ്വര റാവുവിന് താൽക്കാലിക ചുമതല നൽകിയത്. സി.ബി.ഐ തലപ്പത്തെ ഉൾപ്പോരിന്‍റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ റഫാൽ കേസടക്കമുള്ള ആരോപണങ്ങളിലെ സുപ്രധാന വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നതോടെ കേസിന് രാഷ്ട്രീയമാനം കൈവന്നു.

കേന്ദ്ര സർക്കാരിന് ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ സി.ബി.ഐ സ്‌പെഷ്യൽ ഡയറ്കടറായി നിയമിച്ചതിനെ തുടർന്നാണ് സി.ബി.ഐ തലപ്പത്ത് പോര് തുടങ്ങിയത്. ഇരുവരും പരസ്പരം ഉയർത്തിയ ആരോപണങ്ങളും തുടർനടപടികളും സി.ബി.ഐയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചിരുന്നു. ഒരു കോഴ കേസ് ഒതുക്കിതീർക്കാൻ ഉത്തർ പ്രദേശിലെ ഇറച്ചി വ്യാപാരി മോയിൻ ഖുറേഷിയിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സി.ബി.ഐ ഉപ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ സി.ബി.ഐ ഡയറക്ടർ അലോക് വർമയുടെ നിർദേശപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായി രാകേഷ് അസ്താനയക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ ദേവേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് രാകേഷ് അസ്താനയും ദേവേന്ദ്ര കുമാറും ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള പോര് പാരമ്യത്തിലെത്തി.

രാകേഷ് അസ്താനക്കെതിരെയുള്ള കേസിന്‍റെ വിവരങ്ങൾ നൽകാൻ സി.ബി.ഐ ഡയറക്ടറോട് ആവശ്യപ്പെട്ട കോടതി കേസന്വേഷണത്തിൽ ഇടപെടാൻ തയാറായിരുന്നില്ല. തുടർന്ന് പ്രധാനമന്ത്രി ഇരുവരെയും തന്‍റെ ഓഫീസിൽ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ റഫാൽ ഇടപാട് അടക്കമുള്ള നിർണായക വിവരങ്ങൾ അടങ്ങിയ ഫയൽ തന്‍റെ ഓഫീസിൽ വിളിച്ചുവരുത്തി അലോക് വർമ പരിശോധിച്ചിരുന്നു.

തുടർന്നായായിരുന്നു അർധരാത്രിയിൽ കേന്ദ്രത്തിന്‍റെ തിടുക്കത്തിലുള്ള തീരുമാനം. പ്രത്യേക യോഗം വിളിച്ച പ്രധാനമന്ത്രി ഇരുവർക്കെതിരെയും നടപടിയെടുത്തു. അലോക് വർമയെ സി.ബി.ഐ ഡയറക്ടർ ചുമതലയിൽ നിന്നും മാറ്റുകയും അസ്താനയോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയുമായിരുന്നു. അലോക് വർമയുടെയും രാകേഷ് അസ്താനയുടെയും സി.ബി.ഐ ആസ്ഥാനത്തെ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തു. ഇതിനിടെ അലോക് വർമയെ നിരീക്ഷിക്കാൻ ഐ.ബി ഉദ്യോഗസ്ഥനെ ഏർപ്പെടുത്തിയെന്ന ആരോപണവും കേന്ദ്രത്തിനെതിരെ നിലനിൽക്കുന്നുണ്ട്. കേന്ദ്ര തീരുമാനം സുപ്രീം കോടതി തിരുത്തിയെഴുതിയതോടെ വലിയ തിരിച്ചടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്നത്.