വനിതാ മതിലിന്റെ പേരില്‍ തീവെട്ടിക്കൊള്ള: ഖജനാവിലെ 50 കോടിക്ക് പിന്നാലെ നിര്‍ബന്ധിത പിരിവും

Jaihind Webdesk
Friday, December 21, 2018

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ ഒരുവിഭാഗം ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ നടത്തുന്ന വനിതാമതിലിന്റെ പേരില്‍ പാര്‍ട്ടിയുടെ തീവെട്ടിക്കൊള്ളയും. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 50 കോടി രൂപയാണ് മതില്‍ കെട്ടാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. അതുംപോരാതെയാണ് പൊതുജനങ്ങളില്‍ നിന്ന് പാര്‍ട്ടി നേതാക്കളുടെ നിര്‍ബന്ധിത പിരിവും.

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പേരിലാണ് പാര്‍ട്ടി ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 100 രൂപയുടെ രസീതുവെച്ച് പിരിവ് നടത്തുന്നത്. ഇതുവഴി കോടികളാണ് പാര്‍ട്ടി നേതാക്കളുടെ കീശയിലാകുന്നത്. ഖജനാവില്‍ നിന്നുള്ള പണം മതിലിന്റെ പേരില്‍ വകമാറ്റുന്നതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കവും. വനിതാ മതിലിനായി ചെലവ് സര്‍ക്കാര്‍ വഹിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ നുണയാണെന്ന് തെളിഞ്ഞത്.

മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലൂടെയായിരുന്നു പിണറായിയുടെ വസ്തുതാ വിരുദ്ധമായ പ്രസ്താവന. എന്നാല്‍ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ ചെലവാകുന്ന തുക സ്ത്രീ സുരക്ഷക്ക് വേണ്ടി നീക്കിവെച്ച 50 കോടി രൂപയില്‍ നിന്നാണ് വിനിയോഗിക്കുകയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതോടെയാണ് പിണറായിയുടെയും സി.പി.എമ്മിന്റെയും കള്ളം പൊളിഞ്ഞത്.

ഇതിനു പുറമേ ശബരിമല യുവതീപ്രവേശനം സംബന്ധിച്ചാണ് വനിത മതില്‍ നിര്‍മ്മിക്കുന്നതെന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും മുന്‍ നിലപാടുകളില്‍ നിന്ന് ഇരുകൂട്ടരും ബഹുദൂരം പിന്നാക്കം പോയെന്ന വസ്തുതയും ഇതോടെ വെളിപ്പെട്ടു കഴിഞ്ഞു.
വനിതാ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് പിന്നാലെയാണ് പൊതുപണം വകമാറ്റലും പണപ്പിരിവും.

സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ മതില്‍ സംഘാടന പരിപാടികളിലും മറ്റുമായി ഓഫീസുകളില്‍ കാണാറില്ല. ഇങ്ങനെ സകലമാന ജനാധിപത്യനിയമങ്ങളെയും ലംഘിച്ച് എന്തിനാണീ മതിലെന്ന കാര്യത്തില്‍ സര്‍ക്കാരിനും വല്യ ഉത്തരമൊന്നുമില്ലാത്ത സ്ഥിതിയാണ് നിലവില്‍.

സര്‍ക്കാരിന്റെ നയതീരുമാവും സ്ത്രീശാക്തീകരണ പദ്ധതികളുടെ ഭാഗവുമാണ് വനിതാമതിലെന്ന് സത്യവാങ്മൂലത്തില്‍ പറയുമ്പോള്‍ തന്നെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വിളിച്ച സംഘടനകളുടെ യോഗത്തിലാണ് വനിതാമതില്‍ ഉണ്ടാക്കണമെന്ന് തീരുമാനിച്ചതെന്നാണ്.
വനിതാ മതിലിനായ് മനുഷ്യശേഷി പാഴാക്കുന്നില്ലെന്ന സത്യവാങ്മൂലത്തിലെ അവകാശ വാദം തെറ്റാണെന്നതിന് തെളിവാണ് ചീഫ് സെക്രട്ടറി മുതല്‍ കീഴേക്ക് ഓരോ വകുപ്പുകള്‍ നടത്തുന്ന പ്രചാരണപരിപാടികളുടെ കുറിപ്പുകള്‍ തെളിയിക്കുന്നത്.