എറണാകുളത്തെ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സംഘടിപ്പിച്ച സെമിനാറിനിടെ പരിപാടിയെ ചോദ്യം ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പരിപാടിയുടെ മുഖ്യസംഘാടകയും ബിജെപി പ്രവർത്തകയുമായ സജിനി നൽകിയ പരാതിയിലാണ് തിരുവനന്തപുരം പേയാട് സ്വദേശി ആതിരയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വൈറലായ സംഭവം. വിഎച്ച്പിയുടെ സിഎഎ അനുകൂല പരിപാടിക്കിടെ ആതിര കടന്നുവരികയും പരിപാടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ പൗരത്വ നിയമത്തെ അനൂകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് ആതിരയ്ക്കെതിരെ അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്. ‘ഇത് ഹിന്ദുവിന്‍റെ ഭൂമിയാണ്, അല്ലാതെ അഴിഞ്ഞാട്ടക്കാരുടേതല്ല, വേണമെങ്കിൽ നിന്നെ കൊല്ലും’ എന്ന് ആക്രോശിച്ചാണ് സ്ത്രീകൾ ഇവർക്കെതിരെ എത്തിയത്.
സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് വേദിയിലും സദസ്സിലുമുണ്ടായിരുന്നവർ ഇവരോട് പെരുമാറിയത്. സംഭവത്തിനിടെ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ക്ഷേത്ര ഭൂമിയിൽ നടക്കുന്ന പരിപാടിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും സ്ത്രീകൾ ഇവരോട് ആക്രോശിക്കുന്നുണ്ട്. ഇത് ക്ഷേത്രമാണെന്നും വ്യഭിചാര സത്രമല്ലെന്നും തുടങ്ങി വളരെ അസഭ്യം നിറഞ്ഞ വാക്കുകളാണ് ഇവർ ഉപയോഗിക്കുന്നത്.
അസഭ്യ വർഷത്തിനൊപ്പം ശാരീരികമായി സംഘം ഇവരെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. സംസാരിക്കാൻ അനുവദിക്കാതെ ഇവർ പരിപാടി നടക്കുന്ന സ്ഥലത്തെത്തിയതിനെയും ചോദ്യം ചെയ്യുന്നു. ഒരുവേള പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകാനും ഇവരോട് സംഘം ആവശ്യപ്പെടുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://youtu.be/CLp3dqeW3Y4
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. വാദി തന്നെ പ്രതിയാകുന്ന കാഴ്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ആതിരയ്ക്കെതിരെ പൊലീസ് കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.