ആരോഗ്യപ്രവർത്തകയെ ആക്രമിച്ച കേസ്; രണ്ട് പേരെ പൊലീസ് പിടികൂടി

Jaihind Webdesk
Wednesday, September 29, 2021

 

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശി റോയ് റോക്കി, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. നിഷാന്തിനെ ചവറയിൽ ബസ് തടഞ്ഞു നിർത്തി യാണ് അറസ്റ്റ് ചെയ്തത്. റോക്കി റോയിയെ കഠിനംകുളത്തെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

ആലപ്പുഴയില്‍ ജോലികഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്കു പോകുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. പിടിയിലായവർ  മോഷണക്കേസിലെ സ്ഥിരം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലം, കോട്ടയം, തിരുവനന്തപുരം റൂറല്‍ സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കൊല്ലത്ത് പ്രത്യേക പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

അവ്യക്തമായ സിസിടിവി ദൃശ്യം മാത്രമായിരുന്നു പ്രതികളുടേതായി പൊലീസിന് സംഭവസ്ഥലത്തുനിന്നു ലഭിച്ചത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ രാത്രിയിൽ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.