മോദിയെ വിമർശിച്ചതിന് കേസ്: കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് യാത്രാനുമതി നിഷേധിച്ചു; വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍

Thursday, February 23, 2023

ന്യൂഡൽഹി: കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനയാത്ര നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസുള്ളതിനാൽ യാത്ര അനുവദിക്കാനാവില്ലെന്ന് ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു. പ്ലീനറി സമ്മേളനത്തായി യാത്ര തിരിക്കാനെത്തിയപ്പോഴായിരുന്നു നടപടി. വിമാനത്തിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ പുറത്തിറങ്ങി നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പവൻ ഖേരയ്ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെ നടത്തിയ പരാമർശത്തിലായിരുന്നു കേസെടുത്തത്.  പരാമർശം ആക്ഷേപകരമാണെന്നു കാട്ടി ലക്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.