നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു; മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

Jaihind Webdesk
Wednesday, August 28, 2024

 

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് കേസെടുത്തത്. 2016-ല്‍ തലസ്ഥാനത്തെ ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിലാണ് കേസ്. ആരോപണം ഉയർന്നതിനെ തുടർന്ന് താരസംഘടനയായ എഎംഎംഎയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു.

മുകേഷും ജയസൂര്യയും ഉൾപ്പെടെ 7 പേർക്കെതിരെ നടി മിനു മുനീർ നൽകിയ പരാതിയിലുള്ള അന്വേഷണ തീരുമാനവും ഇന്നുണ്ടാകും. ആരോപണ വിധേയനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് കൊല്ലത്ത് മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. മീനു മുനീറിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു നടി കൂടി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. നടിയുടെ അമ്മയോട് മോശമായി പെരുമാറി എന്ന പരാതിയാണ് ഇവർ ഉയർത്തിയത്.