
കണ്ണൂര്‍: പയ്യന്നൂര്‍ കോളേജില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിയെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്കേറ്റ ചാള്‍സ് സണ്ണിയുടെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
എസ്.എഫ്.ഐ. നേതാക്കളായ ആഷിഷ്, അശ്വിന്‍, അഭിറാം കോറോം, നീരജ്, ആകാശ് പലിയേരി, ഹഫാം ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാള്‍സ് സണ്ണി തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ ആന്തരിക രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കെ.എസ്.യു. നേതാക്കള്‍ വ്യക്തമാക്കി.
എസ്.എഫ്.ഐ.യുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പയ്യന്നൂര്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാനും മാനേജ്മെന്റ് തീരുമാനിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.