കൊച്ചി: വനിതാ എസ്.ഐയെ അസഭ്യം പറഞ്ഞ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു. എറണാകുളം പറവൂർ സ്റ്റേഷനിൽ അതിക്രമിച്ച് കയറി വനിതാ എസ്.ഐയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനാണ് സി.പി.എം പ്രവർത്തകൻ നായിബിനെതിരെ കേസെടുത്തത്.
സി.പി.എം നീണ്ടൂർ നോർത്ത് ബ്രാഞ്ച് അംഗവും പാർട്ടിയുടെ സൈബർ പോരാളിയുമാണ് നായ്ബ്. അപമര്യാദയായി പെരുമാറിയതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഐ.പി.സി 353, 354 വകുപ്പുകൾ പ്രകാരമാണ് കേസ്. വനിതാ എസ്.ഐയുടെ പരാതിയിലാണ് പറവൂർ സി.ഐ കേസെടുത്തത്.
സ്റ്റേഷനിൽ ഒരു സ്ത്രീയുടെ മൊഴി എടുത്തു കൊണ്ടിരിക്കെ അനുവാദം കൂടാതെ ഇടിച്ചുകയറിച്ചെന്ന ഇയാൾ വനിതാ എസ്.ഐയെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഏഴിക്കര സ്വദേശിനിയായ വനിതാ എസ്.ഐ അന്നു തന്നെ സി.ഐ ക്ക് പരാതി നൽകി. ബുധനാഴ്ചയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
പറവൂരിലെ സി.പി.എം സൈബർ ഗുണ്ട എന്ന് അറിയപ്പെടുന്ന ഇയാൾ വനിതാ എസ്.ഐ യുമായി നീണ്ട നേരം വാക് തർക്കം നടത്തിയ ശേഷമാണ് ഭീഷണി മുഴക്കി സ്റ്റേഷനിൽ നിന്നും പോയത്. വനിതാ എസ്.ഐ പറവൂരിൽ ചുമതലയേറ്റിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവം വിവാദമായതോടെ സുരക്ഷിത താവളം തേടി ഇയാൾ നെട്ടോട്ടത്തിലാണ്. അതേസമയം കേസിന്റെ അന്വേഷണം പുത്തൻവേലിക്കര സി.ഐ ജോബി തോമസിന് നൽകി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.