പ്രതിപക്ഷത്തിനെതിരെ സർക്കാരിന്‍റെ പ്രതികാര നടപടി; കരിമണൽ ഖനനത്തിനെതിരായ സമരത്തിൽ പങ്കെടുത്തതിന് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്‌; പ്രതിഷേധവുമായി നേതാക്കള്‍

Jaihind News Bureau
Sunday, May 31, 2020

 

പ്രതിപക്ഷത്തിനെതിരെ സർക്കാരിന്‍റെ പ്രതികാര നടപടി. ആലപ്പുഴ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരായ സമരത്തിൽ പങ്കെടുത്തതിന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഇരുപതോളം പേർക്കെതിരെ  പൊലീസ് കേസ് എടുത്തു. അമ്പലപ്പുഴ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിലായിരുന്നു പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൾ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുത്തത്‌. കരിമണൽ ഖനനത്തിനെതിരെ സർക്കാരിനെ പ്രതിരോധത്തിലാക്കി സി.പി.ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നേരത്തെ രംഗത്തെത്തിയിരുന്നു.

തോട്ടപ്പള്ളിയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന തരത്തില്‍ പ്രവർത്തനം തുടരുന്ന സാഹചര്യത്തിലാണ് ഖനനം പൂർണമായും നിർത്തിവയ്ക്കാന്‍ തയ്യാറാകാത്ത സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമായത്. തോട്ടപ്പള്ളിയിലെ ജനങ്ങളുടെ ദുരവസ്ഥ കണ്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വിഷയത്തിൽ ഇടപെടുകയായിരുന്നു.  ഖനനം ചെയ്ത മണ്ണ് അവിടെ തന്നെ നിക്ഷേപിക്കണമെന്നും ഖനനം നിർത്തിവെക്കണമെന്നും രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഖനനം തുടരുന്ന സാഹചര്യത്തിലാണ് സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിൽ പിന്തുണ നൽകി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയത്. എന്നാൽ  പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് ഖനനം നിർത്തിവയ്ക്കാന്‍ തയ്യാറാകാതെ വിഷയത്തെ രാഷ്ട്രീയലാക്കാക്കി പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കാനാണ് സർക്കാർ ധൃതി കാട്ടിയത്.

കരിമണൽ ഖനനത്തിനെതിരെ സമരസമിതി പ്രതിഷേധം ശക്തമാക്കുന്നതിനിടെ സർക്കാരിനെ പ്രതിരോധത്തിലാക്കി സി.പി.ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നേരത്തെ രംഗത്തെത്തിയിരുന്നു. പൊഴിമുറിച്ചുള്ള മണൽ നീക്കം ആശാസ്ത്രീയമാണെന്നായിരുന്നു സി.പി.ഐ വിമര്‍ശനം. എന്നാൽ ഇടത് മുന്നണിയിലെ പ്രധാന ഘടകകക്ഷി കൂടിയായ സിപിഐയുടെ എതിർപ്പും വകവയ്ക്കാതെ  ജനദ്രോഹ നടപടിയുമായി മുന്നോട്ട് പോകുകയാണ്
പിണറായി സർക്കാർ. അതോടൊപ്പം നിയമലംഘനം നടത്തി തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം നടത്തുന്ന മാഫിയക്കെതിരെയുo  പൊലീസ് കേസെടുത്തിട്ടില്ല.

അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനുള്‍പ്പടെയുള്ള നേതാക്കളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സാലറി ചലഞ്ചിനെതിരെ പ്രതിഷേധിച്ച അധ്യാപക സംഘടന ജനറല്‍ സെക്രട്ടറി പ്രധാനാധ്യാപകനായ സ്‌കൂളില്‍ 30 ലേറെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച്    മന്ത്രി ദുരിതാശ്വാസ നിധിയിലേക്കുള്ള തുക വിതരണം നടത്തിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി സാമൂഹ്യഅകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടും സര്‍ക്കാരും പൊലീസും നടപടിയെടുക്കാന്‍ തയാറായിരുന്നില്ല.  ഭരണം കയ്യാളുന്നവർക്ക് ഒരു നീതിയും ന്യായമായ കാര്യങ്ങൾക്ക് പ്രകിഷേധം നടത്തുന്ന പ്രതിപക്ഷത്തിന് മറ്റൊരു നീതിയുമാണ് ഇടത് സർക്കാർ നൽകുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.