ആധാർ ചോദിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് മർദനം ; ഓട്ടോ ഡ്രൈവർ അറസ്റ്റില്‍ | Video

Jaihind News Bureau
Sunday, February 23, 2020

തിരുവനന്തപുരം : വിഴിഞ്ഞത്ത് അന്യസംസ്ഥാന തൊഴിലാളിയെ ക്രൂരമായി  മർദിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. വിഴിഞ്ഞം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ജാർഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനെയാണ് ഓട്ടോ ഡ്രൈവറായ സുരേഷ് എന്നയാൾ  മർദിച്ചത്.

ശനിയാഴ്ച വൈകിട്ട് മുക്കോല ഓട്ടോ സ്റ്റാൻഡിന് സമീപത്തുവെച്ചായിരുന്നു  സംഭവം. സ്റ്റാൻഡിന് സമീപത്തെ മൊബൈൽ റീചാർജ് കടയിലെത്തിയതായിരുന്നു ഗൗതം മണ്ഡൽ. ഇതിനിടെ സുരേഷ് വാഹനം പുറകോട്ടെടുക്കുകയും ഇതിനെച്ചൊല്ലി തർക്കം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് ആധാർ അടക്കം തിരിച്ചറിയൽ രേഖകൾ ചോദിച്ച് ഇയാൾ ഗൗതമിനെ മർദിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അതേസമയം വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്തുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ, അക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുകയും വാർത്തയാവുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്. ഗൗതമിനെ ഓട്ടോറിക്ഷാ ഡ്രൈവർ മുഖത്ത് നിരവധി തവണ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. വിഴിഞ്ഞം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 ഗൗതം മണ്ഡലിനെ ഓട്ടോ ഡ്രൈവർ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ :

 

https://www.facebook.com/shabu.clt/videos/2853813308069392/?view=permalink&id=2933064163444840