ഡോ. വിജയലക്ഷ്മിക്കെതിരായ അതിക്രമം : എ.എ.റഹീമിനെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളി

Jaihind Webdesk
Thursday, April 22, 2021

 

തിരുവനന്തപുരം : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെതിരായ കേരള യൂണിവേഴ്‌സിറ്റിയിൽ നടന്ന സമര കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കേസിലെ പരാതിക്കാരിയും കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയലക്ഷ്മിയുടെ എതിർപ്പിനെ തുടർന്നാണ് സർക്കാരിന്‍റെ അപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

യൂണിവേഴ്‌സിറ്റി വിദ്യാർഥി യൂണിയൻ നേതാവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ എ.എ.റഹീം, മുൻ എസ്എഫ്ഐ പ്രവർത്തകരുമായ എസ്.അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു.എസ്.ആർ, ആദർശ് ഖാൻ, ജെറിൻ, അൻസാർ, എം.മിഥുൻ മധു വിനേഷ് വി.എ, ദത്തൻ, ബി.എസ്.ശ്രീന തുടങ്ങിയവരാണ്‌ കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ. 2017 മാർച്ച് 30നാണ് സമരം നടന്നത്.ഡോ.വിജയലക്ഷ്മിയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്നാണ് പൊലീസ് കേസ്.