‘കണ്ടാലറിയാത്ത’ എംഎല്‍എ! കളക്ട്രേറ്റ് മാർച്ചില്‍ കണ്ടാലറിയാവുന്ന നൂറോളം സമരക്കാർക്കെതിരെ കേസ്; എം. വിജിന്‍റെ പേരില്ല, ഒഴിവാക്കി

Jaihind Webdesk
Friday, January 5, 2024

 

കണ്ണൂർ: കണ്ണൂർ കലക്ട്രേറ്റിലേക്ക് നഴ്സുമാർ നടത്തിയ മാർച്ചിലും പ്രതിഷേധത്തിലും കല്യാശേരി എംഎൽഎ എം. വിജിനെ ഒഴിവാക്കി പോലീസ് കേസെടുത്തു. കേരള ഗവണ്‍മെന്‍റ് നഴ്സസ് അസോസിയേഷൻ (KGNA) ഭാരവാഹികൾ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ് എടുത്തത്.

അതിക്രമിച്ചു കയറി, ഗതാഗത തടസം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തത്. അതേസമയം കല്യാശേരി എംഎൽഎൽ എം. വിജിനെ കേസില്‍ നിന്ന് ഒഴിവാക്കി.  സമരത്തിനിടെ ടൗൺ എസ്ഐ പി.പി. ഷമീലിനോട് എംഎൽഎ തട്ടിക്കയറിയിരുന്നു. നഴ്സുമാരുടെ സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എംഎല്‍എ.

സമരക്കാർ കളക്ടറേറ്റ് കോമ്പൗണ്ടിന് ഉള്ളില്‍ കടന്നതോടെ പോലീസ് ഇടപെട്ടു. സാധാരണയായി ഗേറ്റിന് പുറത്ത് വെച്ച് സമരം ഉദ്ഘാടനം ചെയ്യുന്നതാണ് പതിവ്. പോലീസും സമരക്കാരുമായുള്ള സംസാരത്തിനിടെ ഉദ്ഘാടകനായ എംഎല്‍എയും അവിടേക്ക് എത്തി.  സമരക്കാരോട് പുറത്തിറങ്ങിയില്ലെങ്കില്‍ കേസെടുക്കുമെന്ന് എസ്ഐ ഷമീല്‍ അറിയിച്ചു. മൈക്ക് പിടിച്ചെടുത്ത എസ്ഐയോട് ഇനി സമരം കഴിഞ്ഞിട്ട് പുറത്തുപോകാം എന്നും എംഎല്‍എ പറഞ്ഞു. ഇതോടെ കേസെടുക്കുമെന്ന് എസ്ഐയും വ്യക്തമാക്കി.

ഇതിനിടെ വനിതാ പോലീസ് ഓരോരുത്തരുടെയും പേര്‌ ചോദിച്ച് എഴുതിയെടുത്തു. ഉദ്ഘാടനപ്രസംഗം കഴിഞ്ഞുനിൽക്കുകയായിരുന്ന എംഎൽഎയോടും പേര് ചോദിച്ചു. എന്നോട് പേരുചോദിക്കാൻ നിങ്ങളാരാണെന്നായി വിജിൻ. വാക്‌തർക്കം നടക്കുന്നതിനിടെ വീണ്ടും വന്ന എസ്ഐയോടാണ് വിജിൻ ‘സുരേഷ് ഗോപി കളിക്കേണ്ടെ’ന്ന് പറഞ്ഞ് ക്ഷോഭിച്ചത്. അകത്ത് കയറാൻ പാടില്ലെന്ന് എസ്ഐ പറഞ്ഞപ്പോൾ സമരം നടത്തി അധികം പരിചയമുള്ളവരല്ല ഇവരെന്നും നിങ്ങൾ ഗേറ്റിൽ തടയാത്തതുകൊണ്ട് ഇവർ കയറിയതാണെന്നും പറഞ്ഞ് എംഎൽഎ പൊട്ടിത്തെറിച്ചു. 10 മിനിറ്റ് നീണ്ട വാക്‌തർക്കത്തിനൊടുവിൽ പോലീസ് പിന്മാറുകയായിരുന്നു.

വിഷയത്തില്‍ പോലീസിന് വിമർശനവുമായി സിപിഎം രംഗത്തെത്തി. പോലീസിന്‍റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതായി നേതൃത്വം വിമർശിച്ചു. കണ്ണൂർ ടൗൺ എസ്ഐക്കെതിരെ എംഎൽഎ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെയാണ് എഫ്ഐആറില്‍ നിന്ന് ‘കണ്ടാലറിയുന്നവരുടെ’ പട്ടികയില്‍ നിന്ന് എംഎല്‍എയുടെ പേര് ഒഴിവാക്കിയിരിക്കുന്നത്.