കണ്ണൂർ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയ മുടങ്ങി; സംഭവം യന്ത്ര തകരാറിനെ തുടർന്ന്

Friday, June 21, 2024

 

കണ്ണൂർ: കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയ മുടങ്ങി. യന്ത്ര തകരാറിനെത്തുടർന്ന് കാത്‌ലാബിന്‍റെ പ്രവർത്തനം നിലച്ചതാണ് കാരണം. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 26 രോഗികളെ ഡിസ്ചാർജ്ജ് നൽകി പറഞ്ഞു വിട്ടതായി ആക്ഷേപം. ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതാണ് കാത്‌ലാബിന്‍റെ പ്രവർത്തനം നിലയ്ക്കാൻ കാരണം. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർ സ്വകാര്യ ആശുപത്രികളിലേക്ക് മാറേണ്ടി വന്നു. ബൈപാസ് സർജറി ചെയ്യുന്ന രണ്ടു തിയേറ്ററുകൾ നവീകരണത്തിനായി അടച്ചിട്ടിട്ട് 6 മാസമായെന്നും ആക്ഷേപം. കേടായ ട്യൂബ് വിദേശത്തുനിന്ന് എത്തിക്കാൻ നടപടി സ്വീകരിച്ചതായും അത്യാവശ്യ ശസ്ത്രക്രിയകൾക്കായി മറ്റൊരു കാത്‌ലാബ് തുറക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.