തൃശൂരില്‍ റബർ തോട്ടത്തില്‍ കാട്ടാനയുടെ ജഡം: ഒരു കൊമ്പ് മുറിച്ചുമാറ്റിയ നിലയില്‍; സ്ഥലം ഉടമയ്ക്കായി അന്വേഷണം

 

തൃശൂർ: മുള്ളൂർക്കരയിൽ വാഴക്കോട് കാട്ടാനയുടെ ജഡം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിന് ഒത്ത നടുവിലാണ് ആനയുടെ അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തിയത്. ആനയുടെ ഒരു കൊമ്പ് മുറിച്ചു മാറ്റിയനിലയിലാണ് . രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മച്ചാട് റേയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. ആനക്കൊമ്പ് വേട്ടയാണോയെന്ന സംശയത്തിലാണ് വനം വകുപ്പ്. അതേസമയം ഒളിവിലുള്ള റബര്‍ തോട്ടം ഉടമ റോയിക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.

തൃശൂര്‍ മുള്ളൂർക്കര – പ്ളാഴി സംസ്ഥാന പാതയില്‍ വാഴക്കോടുള്ള റബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു. ആനയുടെ അസ്ഥികൂടം പരിശോധനയിൽ കണ്ടെത്തി. രണ്ടു മാസത്തെ പഴക്കമാണ് ഇതിന് സംശയിക്കുന്നത്.

പുറത്തെടുത്ത ജഡത്തിലെ ഒരു കൊമ്പ് മുറിച്ചുമാറ്റിയ നിലയിലാണ്. ഇതിനിടെ കോടനാട് നിന്നും വനം വകുപ്പ് ഒരു ആനക്കൊമ്പ് പിടികൂടി. ഈ ആനക്കൊമ്പ് വാഴക്കോട് കുഴിച്ചുമൂടിയ ആനയുടേതെന്ന് വനം വകുപ്പ് നിഗമനത്തിലെത്തി.
മുറിച്ചുമാറ്റിയ ആനക്കൊമ്പിന്‍റെ മുറിപ്പാട് നോക്കിയാണ് വനംവകുപ്പ് ഈ നിഗമനത്തിലെത്തിയത്. അതിനിടെ ഡിഎഫ്ഒ, വെറ്റിനറി വിഭാഗം, കോടനാട് നിന്നുള്ള വനംവകുപ്പിന്‍റെ രഹസ്യാന്വേഷണ വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി. ജഡത്തിന്‍റെ പോസ്റ്റ് മോര്‍ട്ടം, രാസപരിശോധന ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ. അതേസമയം ഒളിവിലുള്ള സ്ഥലമുടമ റോയിക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.

Comments (0)
Add Comment