കണ്ണൂർ: ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും വെന്തുമരിച്ച അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് തന്നെയാണെന്ന് സ്ഥിരീകരിച്ച് കണ്ണൂർ ആർടിഒയുടെ റിപ്പോർട്ട് . ആർടിഒ ഉണ്ണികൃഷ്ണൻ ഇതു സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. കാറിനകത്ത് രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കാറിൽ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായാണ് ദൃക്സാക്ഷികളുടെ മൊഴി. എന്നാല്‍ ആശുപത്രിയില്‍ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്‍റെ ആഴം കൂട്ടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കുറ്റ്യാട്ടൂര്‍ സ്വദേശികളായ റീഷ, ഭര്‍ത്താവ് പ്രജിത്ത് എന്നിവർക്കാണ് ദാരുണാന്ത്യം ഉണ്ടായത്. വാഹനത്തിന്‍റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടി ഉൾപ്പടെ നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു.
കാറിന്‍റെ അകത്ത് രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീ പൊടുന്നനെ ആളിപ്പടരാൻ കാരണം വാഹത്തിൽ പെട്രോൾ സൂക്ഷിച്ചതാണെന്നാണ് നിഗമനം. വാഹനത്തിൽ എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്‍റെ ആഘാതം കൂട്ടി. പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിംഗ് സീറ്റിന്‍റെ അടിയിൽ വെച്ചിരുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടാഞ്ഞിട്ടും തീ ആളിപ്പടരാൻ കാരണം ഇതാണ് എന്നാണ് വിലയിരുത്തൽ.
ഫൊറൻസിക് സംഘം കാറിൽ നടത്തിയ പരിശോധനയിൽ ഇതുസംബന്ധിച്ച സൂചന കിട്ടി. ഒപ്പം അപകട സമയത്ത് കാറിൽ ഉണ്ടായിരുന്നവരുടെയും മൊഴി എടുത്തിരുന്നു. കാർ അപകടസ്ഥലത്ത് എത്തുന്നതിന് മുന്നെ പുക ഉയർന്നിരുന്നതായാണ് ദൃസാക്ഷികളുടെ മൊഴി.