ഖഷോഗിയുടെ കൊലപാതകം : ആരോപണവിധേയരായ 17 സൗദി പൗരന്മാർക്ക് കാനഡയുടെ ഉപരോധം

Jaihind Webdesk
Friday, November 30, 2018

Jamal-Khashoggi

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ 17 സൗദി പൗരൻമാർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ. ഇവർക്കിനി കാനഡയിലേക്ക് വരുവാനോ കാനഡയിൽ പണമിടപാടുകളോ ക്രയവിക്രയങ്ങളോ നടത്താനാകില്ല. ഇതുവ്യക്തമാക്കുന്ന പ്രസ്ഥാവന കാനഡ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് പുറത്തുവിട്ടു.

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ ഖഷോഗി ഈ വർഷം ഒക്ടോബർ രണ്ടിന് സൗദിയിലെ തുർക്കി ഇസ്താംബുൾ കോൺസിലേറ്റിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു. സൗദി ഭരണകൂടത്തിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെയും നയങ്ങളെ ശക്തമായി ഖഷോഗി വിമർശിച്ചിരുന്നു. അതു കൊണ്ടു തന്നെ ഖഷോഗിയുടെ കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ 17 സൗദി പൗരൻമാർക്ക് ഉപരോധം ഏർപ്പെടുത്തുന്നതായി കാനഡ അറിയിച്ചിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോൺ ഇന്നും നാളെയുമായി അർജന്‍റീനയിൽ നടക്കുന്ന ജി 20 ഉച്ചകേടിയിൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി രാജകുമാരനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ ശ്രദ്ധയിൽ പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഖഷോഗി വധത്തിന്‍റെ പേരിൽ സൗദിക്കെതിരെ നടപടികൾക്കില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാട്. അതേസമയം,  ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ സൽമാൻ രാജകുമാരന് നേരിട്ടു പങ്കുളളതായി തെളിവില്ലെന്ന് യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കൽ റിച്ചാർഡ് പോമ്പിഒ ബുധനാഴ്ച്ച പറഞ്ഞിരുന്നു. അന്താരാഷ്ട്ര സമൂഹത്തിൽ ഖഷോഗി കൊലപാതകത്തിൽ സൗദിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുകയാണ്.