കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.എഡ് അവസാന വർഷ പരീക്ഷ മൂല്യനിർണയം വൈകുന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.എഡ് അവസാന വർഷ പരീക്ഷ മൂല്യനിർണയം വൈകുന്നു. അവസരങ്ങൾ നഷ്ടമാകുമെന്ന ആശങ്കയിൽ രണ്ട് വർഷം പഠനം പൂർത്തിയാക്കിയ എഴുപതോളം കോളേജുകളിലെ അയ്യായിരത്തോളം വിദ്യാർത്ഥികൾ. സർവകലാശാലയും പ്രിൻസിപ്പല്‍മാരും തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണം.

കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ ജൂണിലാണ് പരീക്ഷകൾ നടത്തിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തര പേപ്പർ ഏറ്റെടുക്കൽ പോലും നടന്നിട്ടില്ല. ചില കോളേജുകളിൽ തന്നെ ഉത്തരപേപ്പർ കെട്ടിക്കിടക്കുകയാണ്. മുൻവർഷങ്ങളിൽ യൂണിവേഴ്‌സിറ്റി അധികൃതർ കോളേജുകളിൽ നേരിട്ടെത്തി ഉത്തരകടലാസുകൾ ഏറ്റെടുത്തിരുന്നു. എന്നാൽ ഇത്തവണ കൊവിഡ് സാഹചര്യത്തിൽ തപാൽ മാർഗം കോളേജുകൾ തന്നെ ഉത്തര പേപ്പർ എത്തിക്കണമെന്ന് യൂണിവേഴ്‌സിറ്റി നിർദേശം നൽകി. ഇതോടെയാണ് യൂണിവേഴ്‌സിറ്റിയുമായി കോളേജ് പ്രിൻസിപ്പൽമാർ ഇടഞ്ഞത്. ഇങ്ങനെയിരിക്കെ പരീക്ഷഫലം വൈകുന്നത് വിദ്യാർത്ഥികളുടെ അവസരങ്ങളെ ഇല്ലാതാക്കും.

കെ-ടെറ്റ്, സെറ്റ് യോഗ്യത പരീക്ഷ എഴുതിയവർക്ക് ബി.എഡ് ഫലം ലഭ്യമാകാത്തതിനാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാവാൻ കഴിയാത്ത സ്ഥിതിയാണ്. കെ-ടെറ്റ് യോഗ്യത പരീക്ഷ വീണ്ടും എഴുതേണ്ടി വരുമോ എന്ന ആശങ്കയും ഉണ്ട്. എച്ച് എസ് എ പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായേക്കാം. ഈ സാഹചര്യത്തിൽ പ്രതിസന്ധി ഉടൻ പരിഹരിച്ച് മൂല്യനിർണയം വേഗത്തിലാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

https://youtu.be/3pTbcg3pjAM

Comments (0)
Add Comment