എം.പിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനം; രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ടും ഇല്ല

Jaihind News Bureau
Monday, April 6, 2020

Parliament

ന്യൂഡല്‍ഹി : കൊവിഡ്-19 സാമ്പത്തിക മേഖലയില്‍ വരുത്തിയ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എം.പിമാരുടെ ശമ്പളവും അലവന്‍സുകളും മുന്‍ എം.പിമാരുടെ പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

എം.പിമാരുടെ വേതനം 30 ശതമാനം കുറയ്ക്കും. ഒരു വർഷത്തേക്കാണ് ശമ്പളം കുറച്ചത്. ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിലും പെന്‍ഷനിലും കുറവു വരുത്തുക. എം.പി ഫണ്ടും രണ്ട് വർഷത്തേക്ക് ഇല്ല.  ഈയിനത്തിലെ 7,900 കോടിരൂപ സഞ്ചിത നിധിയിലേക്ക് പോകും.

ശമ്പളത്തിന്‍റെ 30 ശതമാനം വേണ്ടെന്ന് വെക്കാൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംസ്ഥാന ഗവർണർമാരും തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചാണ് തീരുമാനം. ഈ തുകയും സഞ്ചിത നിധിയിലേക്ക് പോകും.