മന്ത്രിസഭായോഗം ഇന്ന് ; 2,336 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ പരിഗണനയ്ക്ക് ; ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നു

Jaihind News Bureau
Wednesday, February 10, 2021

 

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പി.എസ്.സി റാങ്ക് പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തുടരുമ്പോള്‍ നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്. ഇതിനിടെ വിവിധ വകുപ്പുകളിലായി 2,336 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള പട്ടിക മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി.

ഇവയില്‍ പലതും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്‌ക്കെത്തും. സ്ഥിരപ്പെടുത്തല്‍ നടപടിയുടെ ഭാഗമായി വരുംദിവസങ്ങളില്‍ പ്രത്യേക മന്ത്രിസഭാ യോഗങ്ങള്‍ ചേരാനും ആലോചനയുണ്ട്. പല ഫയലുകളിലും നിയമ, ധനവകുപ്പുകള്‍ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഫയല്‍ മന്ത്രിസഭയില്‍ വയ്ക്കാനാണു മുഖ്യമന്ത്രിയുടെ കുറിപ്പ്.

വരും ദിവസങ്ങളിൽ സ്ഥിരപ്പെടുത്തുന്നതിനായി വിവിധ സ്ഥാപനങ്ങളിൽ പുതിയ തസ്തിക സൃഷ്ടിക്കാനും ഫയൽ മുഖ്യമന്ത്രിക്കു മുന്നിൽ എത്തിയിട്ടുണ്ട്. ആർക്കിയോളജി വകുപ്പ്, ആർക്കൈവ്‌സ് വകുപ്പ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലായി 150 തസ്തിക സൃഷ്ടിക്കാനുള്ള ശുപാർശയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇവ കൂടാതെ റിമോട്ട് സെൻസിങ് ഏജൻസിയായ കെഎസ്ആർഇസിയിലെ 13 തസ്തികകളിലും ഇന്നത്തെ മന്ത്രിസഭാ യോഗം സ്ഥിരനിയമനം നടത്തും. 8 തസ്തികകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ 5 തസ്തികകൾ പുതുതായി സൃഷ്ടിച്ചാണു പിൻവാതിൽ നിയമനം. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ധനമന്ത്രി തോമസ് ഐസക് ഇന്നലെ ന്യായീകരിച്ചെങ്കിലും ഈ നിയമന ശുപാർശയെ എതിർത്ത് ധന, നിയമ വകുപ്പുകൾ ഫയലിൽ എഴുതിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് സ്ഥിരപ്പെടുത്തലിൽ തീർപ്പുണ്ടാകാനാണ് സർക്കാർ നീക്കം. കേരള ബാങ്കില്‍ 1850 ലേറെ ജീവനക്കാരെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. മറ്റ് വകുപ്പുകളിലായി 719 ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും പരിഗണനയിലാണ്. സ്‌കോൾ കേരളയിലെ 54 തസ്തികകൾ സ്ഥിരപ്പെടുത്താനുള്ള ഫയൽ വീണ്ടുമെത്തുന്നത് ഉൾപ്പെടെയുള്ളവ വിവാദം ക്ഷണിച്ചുവരുത്തും.